കാസർകോട് (www.evisionnews.in): വെള്ളം കോരുന്നതിനിടെ കയറുപൊട്ടി കിണറ്റിൽ വീണ 55-കാരിയെ അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്ന് രക്ഷപ്പെടുത്തിയത് അതിസാഹസികമായി. ശബ്ധം കേട്ട് ഓടിയെത്തിയ അയൽവാസിയും രക്ഷാപ്രവർത്തനത്തിൻ്ല്‍ ഹീറോയായി. കാസർകോട് പനങ്കോളി സ്വദേശിനി ആശാലതയാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്.
നവംബർ രണ്ട് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടെ പെട്ടെന്ന് കയർ പൊട്ടിയതോടെ ആശാലത കിണറ്റിലേക്ക് വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാരും പ്രദേശവാസികളും ഓടിയെത്തി കിണറ്റിൽ നോക്കിയപ്പോഴാണ് ആശാലത വീണുകിടക്കുന്നത് കണ്ടത്. തുടർന്ന് യാതൊന്നും ആലോചിക്കാതെ അയൽവാസിയായ ഹരിപ്രസാദ് ഉടൻ തന്നെ കിണറ്റിലിറങ്ങി.
അഗ്നിരക്ഷാസേന എത്തുന്നതുവരെ ജീവൻ നിലനിർത്താനായി കയറിൻ്റെ സഹായത്തോടെ ഇദ്ദേഹം ആശാലതയെ കിണറ്റിലെ വെള്ളത്തിൽ താങ്ങിനിർത്തിയത് രക്ഷാപ്രവർത്തനത്തിൽ നിർണായകമായി.
വിവരമറിഞ്ഞ് കാസർകോട് അഗ്നിരക്ഷാസേന അതിവേഗം സ്ഥലത്തെത്തി. രക്ഷാവലയുടെ സഹായത്തോടെ കിണറ്റിൽ കുടുങ്ങിയ ആശാലതയെ ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ രഞ്ജിത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ പ്രസീദ്, രാജേഷ് പാവൂർ, എസ് എം അശ്വിൻ, വൈശാഖ് പാർഥസാരഥി, ഹോം ഗാർഡ് പി ശ്രീജിത്ത് എന്നിവർ ഈ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Post a Comment
0 Comments