കേരളം (www.evisionnews.in): നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. താൻ കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് വിചാരണയ്ക്കായി ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നാണ് ഹർജിയിലെ ആരോപണം.
വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. 2026 ജനുവരി 12ന് ജഡ്ജി നടത്തിയ പരാമർശം തന്റെ തൊഴിൽമേഖലയിലെ വിശ്വാസ്യതയെ ബാധിച്ചെന്നും പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണം ഉണ്ടായെന്നും ടി.ബി. മിനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാമർശം തന്റെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു.
നേരത്തെ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് ടി.ബി. മിനി പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം എ.ജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ പരിഗണിക്കും.

Post a Comment
0 Comments