കേരളം (www.evisionnews.in): ഇടുക്കിയിൽ പോസ്റ്റോഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസിൽനിന്ന് ബലമായി പിടിച്ചിറക്കി കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവൻചേരിയിൽ സന്തോഷാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം.
സന്തോഷും ഭാര്യ ശ്രീജയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. കേസിൽ നാളെ വിധി വരാനിരിക്കെയാണ് സന്തോഷ് ശ്രീജയെ ആക്രമിച്ചത്. കുഴിത്തൊളു പോസ്റ്റോഫീസിലെ ജീവനക്കാരിയായ ശ്രീജ, ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. തൂക്കുപാലത്തായിരുന്നു ശ്രീജയുടെ താമസം.
ഇന്ന് രാവിലെ ജോലിക്കായി ഓഫീസിലെത്തിയ ശ്രീജയെ സന്തോഷ് ഓഫീസിൽ നിന്നും വലിച്ചിറക്കി കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കയ്യിൽ കരുതിയിരുന്ന തോക്ക് ചൂണ്ടി ഭയപ്പെടുത്തി ഓടിച്ച ശേഷം റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കമ്പംമെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Post a Comment
0 Comments