Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് പുതിയ പാലം നടപടി തുടങ്ങാന്‍ നിര്‍ദേശം


കാസര്‍കോട്: ജില്ലയിലെ ദേശീയപാത പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവൃത്തികളിലെ കാലതാമസം, സര്‍വീസ് റോഡുകളുമായി ബന്ധപ്പെട്ട പരാതികള്‍, വെള്ളക്കെട്ട്, അണ്ടര്‍പാസുകളുടെ അപര്യാപ്തത, അഴുക്കുചാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ടോള്‍ സംബന്ധമായ വിഷയങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

നീലേശ്വരം നഗരത്തിലെ അപകടാവസ്ഥയിലുള്ള പാലംപൊളിച്ച് പുതിയത് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. നീലേശ്വരം മാര്‍ക്കറ്റ് റോഡില്‍ അശാസ്ത്രീയമായി തുടരുന്ന ദേശീയപാത നിര്‍മാണം നിര്‍ത്തി ആകാശപാത നിര്‍മിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ചാലിങ്കാല്‍ പ്രദേശത്ത് എസ്.എന്‍ കോളജ്, എണ്ണപ്പാറ റോഡുകളിലേക്കുള്ള പ്രവേശനം തടസപ്പെടാത്ത രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കലക്ടര്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ചാലിങ്കലിലെ അഴുക്കുചാലുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ വിശദമായ പരിശോധന നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ തുക ലഭ്യമാക്കാന്‍ നടപടിയെടുക്കണം. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാലി വരെ സര്‍വീസ് റോഡ് ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ടാറ്റ ആശുപത്രിയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകുന്ന രീതിയില്‍ പ്രവൃത്തികള്‍ നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

ചെര്‍ക്കള ടൗണിലെ അഴുക്കുചാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. അധികമായുണ്ടാക്കേണ്ട അഴുക്കുചാലിന് പഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കി നല്‍കും. സ്ഥലം സന്ദര്‍ശിച്ച് പരിഹാരത്തിന് ശ്രമിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി തകര്‍ന്ന പ്രദേശത്തെ റോഡ് എന്‍.എച്ച്.എ.ഐ നന്നാക്കി നല്‍കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് ദേശീയപാത പ്രവൃത്തി കാരണം ജില്ലാ ആശുപത്രിയിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതിനാല്‍ വെഹികുലാര്‍ ഓവര്‍പാസ് (വി.ഒ.പി) വേണമെന്ന് ആവശ്യമുയര്‍ന്നു. ഇവിടെ സര്‍വീസ് റോഡ് ഉയര്‍ത്തി പ്രശ്നപരിഹാരത്തിനുള്ള സാധ്യത പരിശോധിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.

കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ കല്ലട്ര മാഹിന്‍, കെ നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ത്രിതല പഞ്ചായത്ത് അധ്യക്ഷര്‍, മറ്റു ജനപ്രതിനിധികള്‍, എ.ഡി.എം പി ഉദയകുമാര്‍, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, നിര്‍മാണ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad