Type Here to Get Search Results !

Bottom Ad

‘കേരളത്തിന് എയിംസ് അയോഗ്യതയാണോ?’; കേന്ദ്ര നിലപാടിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം


കേരളത്തിൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോൾ മുൻഗണന നൽകാനാകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. ആരോഗ്യ മേഖലയിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് എയിംസ് അനുവദിക്കുന്നതിൽ ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയത്.

എന്നാൽ കേന്ദ്രത്തിന്റെ വിശദീകരണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ആരോഗ്യരംഗത്ത് മികച്ച നിലയിലുള്ളത് കേരളത്തിന് എയിംസ് ലഭിക്കുന്നതിന് തടസമാകുന്നത് എങ്ങനെയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു. ആരോഗ്യരംഗത്ത് മുന്നിട്ട് നിൽക്കുന്നുവെന്ന കാരണത്താൽ കേരളത്തിന് എയിംസ് ആവശ്യമില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

എല്ലാ ജനങ്ങൾക്കും മികച്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയില്ലെന്നും കേരളത്തിൽ ജനസാന്ദ്രത കൂടുതലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സംസ്ഥാനമാണെങ്കിലും പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച ചികിത്സാ സംവിധാനങ്ങൾ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ അനുകൂലമായ തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad