Type Here to Get Search Results !

Bottom Ad

ആദൂരിലെ സ്വര്‍ണ കവര്‍ച്ച: കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍




കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊണ്ടാര്‍ വെള്ളക്കടവില്‍ വീടുകുത്തിത്തുറന്ന് ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളെ സാഹസികമായി പിടികൂടി. എറണാകുളം പനങ്ങാട് നിന്ന് കൊല്ലം സ്വദേശി യായ അഭിരാജ്, കൊല്ലം പത്തനാ പുരത്തുനിന്ന് ആദിത്യന്‍ (23) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ അഭിരാജ് വിവിധ സ്റ്റേഷനുകളിലായി 22-ഓളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊണ്ടാര്‍ വെള്ളക്കടവ് സ്വദേശി സദാന ന്ദന്റെ വീട്ടില്‍ പകല്‍ സമയ ത്താണ് മോഷണം നടന്നത്. അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. സംഭവസ്ഥലത്തിന്റെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവില്‍ എവിടെയും സിസിടിവി കാമറകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഒരു നാട്ടുകാരന്‍ നല്‍കിയ ചെറിയൊരു സൂചനയാണ് കേസില്‍ വഴിത്തിരിവായത്. ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ മോട്ടോര്‍ സൈക്കിളില്‍ പോകുന്നത് കണ്ടെന്ന വിവര ത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി കടന്ന് മൈസൂരു, നഞ്ചന്‍ഗോഡ് വരെയുള്ള മേഖലകളിലെ ഇരുനൂറ്റമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് അഹോരാത്രം പരിശോധിച്ച് പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞു. എറണാകുളം കുമ്പളത്തെ വാടകവീട്ടില്‍ നിന്നാണ് അഭിരാജിനെയും പത്തനാപുരത്തെ വാടകവീട്ടില്‍ നിന്ന് ആദിത്യനെയും പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ജില്ലാ പൊലീസ് മേധാവി പി. നിധിന്‍രാജിന്റെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ആദൂര്‍ ഇന്‍സ്‌പെക്ടര്‍ അനൂപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. സബ് ഇന്‍സ്‌പെക്ടര്‍ കെ. ശരത്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രസാദ് പുല്ലൂര്‍, ജോസ് വിന്‍സന്റ്, സി.പി.ഒമാരായ സുരേഷ്, നിതിന്‍, ദിവാകര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad