Type Here to Get Search Results !

Bottom Ad

മിനി കൂപ്പര്‍ അപകടത്തില്‍ മരിച്ച ഇയാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: കല്ലട്ര മാഹിന്‍ എംഎല്‍എ


സുള്ള്യ: കൊച്ചി നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട കര്‍ണാടക ജാല്‍സൂര്‍ സുന്നമൂലയിലെ പി.എം ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇയാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കൂടെയുണ്ടാകുമെന്ന് കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍. ഇയാസിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം കുടുംബത്തിന് ആവശ്യമായ പിന്തുണ ലഭ്യമാക്കാന്‍ ഇടപെടുമെന്നും അറിയിച്ചു.

ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിനുശേഷം വിവിധ രോഗങ്ങള്‍ ബാധിച്ച് നാട്ടില്‍ കഴിയുന്ന ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും പ്രധാന ആശ്രയവും പ്രതീക്ഷയുമായിരുന്നു മുഹമ്മദ് ഇയാസ്. ഇയാസിന്റെ അപ്രതീക്ഷിത വേര്‍പ്പാടോടെ കുടുംബം കടുത്ത മാനസിക തകര്‍ച്ചയിലും സാമ്പത്തിക പ്രയാസങ്ങളിലുമാണ്. ഈ സാഹചര്യത്തില്‍ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശന് കത്ത് നല്‍കിയതായും എം.എല്‍.എ അറിയിച്ചു. വിഷയം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തുമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മിനിമം വേജസ് ബോര്‍ഡ് ചെയര്‍മാന്‍ സഹീദ്, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട്, സുള്ള്യ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ കെ.എം. മുസ്തഫ, മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് ചെണ്ടമൂല, ബഷീര്‍ പള്ളങ്കോട്, പൈച്ചു ചെര്‍ക്കള, ശംസുദ്ദീന്‍ കിന്നിങ്കാര്‍, ലത്തീഫ് ഹാര്‍ലടുക്ക എന്നിവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad