ചട്ടഞ്ചാല്‍: ദേശീയപാത നിര്‍മ്മാണത്തിനെത്തിച്ച 30 ഇരുമ്പ് പൈപ്പുകള്‍ മോഷ്ടിച്ച് വാനില്‍ കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. പിലിക്കോട് ഏച്ചിക്കൊവ്വല്‍ സ്വദേശി പടിഞ്ഞാറെ വീട്ടില്‍ പ്രജ്വല്‍ (33), പടന്ന തെക്കേക്കാട് സ്വദേശി പാവൂര്‍ വീട്ടില്‍ പി.വി ശ്രീജേഷ് (36) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇരുമ്പ് സാധനങ്ങള്‍ കടത്തിയ പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് ചട്ടഞ്ചാല്‍ നോര്‍ത്തിലെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് സമീപം മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റില്‍ നിന്ന് ഇരുമ്പു പൈപ്പുകള്‍ മോഷണം പോയത്. ദേശീയപാതയുടെ കിഴക്കുഭാഗത്തെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണത്തിനായി കഫോള്‍ഡിങ്ങ് സ്റ്റാന്റ് ഉണ്ടാക്കാന്‍ എത്തിച്ച പൈപ്പുകളാണ് മോഷ്ടിച്ചത്. മോഷണം രാത്രി ജോലിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പ്രജിലും ശ്രീജേഷും ഇതിനിടെ സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പിക്കപ്പ് വാനിന്റെ ടയര്‍ ഓവുചാലില്‍ കുടുങ്ങിയതിനാല്‍ സാധിച്ചില്ല. ഇതോടെ ഇരുമ്പ് പൈപ്പുകളും വാഹനവും ഉപേക്ഷിച്ച് രണ്ടുപേരും രക്ഷപ്പെട്ടു. മേഘ കമ്പനിയുടെ സെക്യൂരിറ്റി ഓഫീസര്‍ കല്യാശേരി സ്വദേശി പുഷ്പരാജിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ ദേശീയപാതയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട പിക്കപ്പ് വാന്‍ പരിശോധിച്ചപ്പോള്‍ ഇരുമ്പ് പൈപ്പുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.

Post a Comment
0 Comments