ചട്ടഞ്ചാല്‍: ബ്ലെന്‍ഡ്‌ഫോള്‍ഡ് ഇലക്ട്രോകിനിസിസ് മെന്റലിസം എഫക്ട് (Blindfold Electrokinesis Mentalism Effect ) 14 സെക്കന്‍ഡില്‍ അവതരിപ്പിച്ച് ചട്ടഞ്ചാല്‍ മുണ്ടോള്‍ സ്വദേശിയും യുവ അധ്യാപകനുമായ സവാദ് അല്‍ ഹികമി മുണ്ടോള്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. കൊച്ചിയില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ നിരവധി മെന്റലിസ്റ്റുകളുടെയും സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ പ്രശസ്ത മലയാള സാഹിത്യകാരന്‍ ബെന്യാമിന്റെ കൈയില്‍ നിന്ന് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും മെഡലും സവാദ് ഏറ്റുവാങ്ങി.
മാനസികശക്തിയും മെന്റലിസം സാങ്കേതികതകളും സമന്വയിപ്പിച്ചുള്ള വ്യത്യസ്തമായ പ്രകടനമാണ് മൈന്‍ഡ് ഫോള്‍ഡ് ഇലക്ട്രോകിനിസിസ് മെന്റലിസം എഫക്ട്. കൊച്ചിയില്‍ നടന്ന വേദിയിലെ പ്രകടനത്തിലൂടെയാണ് സവാദ് ഈ നേട്ടം കൈവരിച്ചത്. കുന്നാറ അല്‍ മദ്രസത്തു ദുന്നൂറൈന്‍ മദ്രസയിലെ അധ്യാപകനാണ്. കാസര്‍കോട്് ജില്ലയ്ക്കും സ്വന്തം നാടിനും അഭിമാനമായി മാറിയിരിക്കുകയാണ് സവാദിന്റെ നേട്ടം. അധ്യാപനത്തോടൊപ്പം വിവിധ മേഖലകളില്‍ നടത്തിയ നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഈനേട്ടത്തിലേക്ക് എത്തിയത്.
സൈക്കോളജിക്കല്‍ കൗണ്‍സലിംഗ്, ന്യൂറോ- ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് (NLP), ഹിപ്‌നോട്ടിസം, മെന്റലിസം തുടങ്ങിയ മേഖലകളില്‍ സജീവമായ സവാദ് ലേര്‍ണിങ് ഡിസോര്‍ഡര്‍ ട്രെയിനര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. അധ്യാപനത്തോടൊപ്പം പരിശീലന-മാനസികശാസ്ത്ര മേഖലകളിലും പ്രവര്‍ത്തിച്ചുവരികയാണ്. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനായ ബെന്യാമിന്‍ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്നു. ആടുജീവിതം (The Goat Life), ജാസ്മിന്‍ ഡേയ്‌സ്, മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങിയ കൃതികളിലൂടെ വായനക്കാരുടെ ശ്രദ്ധ നേടിയ അദ്ദേഹം ചടങ്ങില്‍ സവാദിന് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.
ചെട്ടുംകുഴി മര്‍കസു സആദയില്‍ മതപഠനം പൂര്‍ത്തിയാക്കിയ സവാദ്, മഞ്ചേരി ജാമിഅഃ ഹികമിയ്യയില്‍ നിന്ന് അല്‍ ഹികമി ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിക് ബിരുദവും നേടിയിട്ടുണ്ട്. പരപ്പ അബ്ദുല്‍ സലാമിന്റെയും മുണ്ടോള്‍ സ്വദേശിനി ആബിദയുടെയും മകനാണ് സവാദ് അല്‍ ഹികമി മുണ്ടോള്‍.

Post a Comment
0 Comments