ഇന്ത്യയിൽ ഓൺലൈൻ ഐഫോൺ വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ആപ്പിൾ. കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴി ഒരാൾക്ക് എല്ലാ മോഡലുകളും ചേർത്ത് പരമാവധി രണ്ട് ഐഫോണുകൾ മാത്രമേ വാങ്ങാനാകൂ. ഒരേ മോഡലിലുള്ള രണ്ട് ഫോണുകളോ വ്യത്യസ്ത മോഡലുകളിലുള്ള രണ്ട് ഫോണുകളോ വാങ്ങാം. എന്നാൽ രണ്ടിൽ കൂടുതൽ ഫോണുകൾ ഉൾപ്പെടുത്തിയുള്ള ഓർഡറുകൾ സ്റ്റോർ അനുവദിക്കില്ല. നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ കാരണം ആപ്പിൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
പുനർവിൽപ്പന ലക്ഷ്യമിട്ട് വ്യാപാരികൾ വൻതോതിൽ ഫോണുകൾ വാങ്ങുന്നത് തടയാനും പുതിയ മോഡലുകൾ പുറത്തിറങ്ങുമ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് ഫോണുകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാകാം നിയന്ത്രണമെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പും സമാനമായ നടപടി ആപ്പിൾ സ്വീകരിച്ചിട്ടുണ്ട്. 2007-ൽ ആദ്യ ഐഫോൺ പുറത്തിറക്കിയപ്പോഴും പുനർവിൽപ്പന നിരുത്സാഹപ്പെടുത്തുന്നതിനായി ഒരാൾക്ക് രണ്ട് ഫോണുകൾ മാത്രമാണ് വാങ്ങാൻ കമ്പനി അനുമതി നൽകിയിരുന്നത്.
ഐഫോൺ ഡ്യുവോയ്ക്ക് വിപണിയിൽ വലിയ ആവശ്യകതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നിയന്ത്രണം ശ്രദ്ധേയമാകുന്നത്. ഈ മാസം 23-ന് ഫോൺ റീട്ടെയിൽ വിപണിയിലെത്താനിരിക്കെ 16-നാണ് പ്രീ-ഓർഡറുകൾ ആരംഭിച്ചത്. ബുക്കിങ് തുടങ്ങി അധികം വൈകാതെ തന്നെ ഫോൺ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം ജനുവരി വരെ നീണ്ടതായും റിപ്പോർട്ടുകളുണ്ട്. മുൻകൂട്ടിയുള്ള ബുക്കിങ്ങിലെ ഈ വർധന ഫോണിനുള്ള ഉയർന്ന ആവശ്യകതയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment
0 Comments