Type Here to Get Search Results !

Bottom Ad

ഓപ്പറേഷന്‍ തൂഫാന്‍; നിരവധി ലഹരി കേസുകളിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റില്‍


കാഞ്ഞങ്ങാട്: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പടന്നക്കാട് കുറുന്തൂരിലെ പി.എം അബ്ദുല്‍ സഫ്വാനെ (31)യാണ് ഓപ്പറേഷന്‍ തൂഫാന്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം മയക്കുമരുന്ന് കേസുകളില്‍ സഫ്വാന്‍ പ്രതിയാണ്. മയക്കുമരുന്ന് കടത്ത്, വില്‍പ്പന, ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്ന അബ്ദുല്‍ സഫ്വാനെതിരെ 2024ല്‍ ജില്ലാ കലക്ടര്‍ കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മയക്കുമരുന്നുമായി അറസ്റ്റിലാവുകയായിരുന്നു.

കാറില്‍ കടത്തുകയായിരുന്ന 12.75 ഗ്രാം മയക്കുമരുന്നുമായി കൂട്ടാളിയോടൊപ്പം പടന്നക്കാട് വെച്ച് ഹൊസ്ദുര്‍ഗ് പൊലീസാണ് പിടികൂടിയത്. തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്താന്‍ നടപടിയുണ്ടായത്. ജില്ലാ പൊലീസ് മേധാവി പി. നിധിന്‍രാജിന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, സബ് ഇന്‍സ്പെക്ടര്‍ സി.വി. പ്രേമന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി. ശ്രീജേഷ്, വി.ആര്‍ സനോജ്, സിവില്‍ പൊലീസ് ഓഫീസര്‍ പി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad