കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി ഉയർന്നതായി നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായെന്നായിരുന്നു സർക്കാർ പുറത്തുവിട്ട കണക്ക്. ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 993 പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. 500 ഓളം വിദേശ പൗരന്മാരെയും കാണാതായിട്ടുണ്ട്.
കാണാതായവരിൽ 320 ഇന്ത്യക്കാരും നൂറിലധികം ഇന്ത്യൻ വംശജരും ഉൾപ്പെടുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായി തിരച്ചിൽ നടത്താൻ വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നേപ്പാളിന് അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.
അതേസമയം, ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി എത്തിയ 149 പേരുടെ പട്ടിക ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ കൂടുതലുള്ളത്.

Post a Comment
0 Comments