Type Here to Get Search Results !

Bottom Ad

ചോളത്തില്‍ നിന്ന് മുട്ടയിലേക്ക് എത്തുന്ന വിലക്കയറ്റം; അടുക്കള ബജറ്റിനെ താളംതെറ്റിച്ച് കേന്ദ്രത്തിന്റെ എഥനോള്‍ പ്രഹരം


അടുക്കള ബജറ്റുകളെ താളംതെറ്റിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കാലാവസ്ഥാ വ്യതിയാനവും ഗതാഗതച്ചെലവുകളിലെ വർധനവുമാണ് വിലക്കയറ്റത്തിന്റെ പരമ്പരാഗത കാരണങ്ങളായി നാം എപ്പോഴും കേൾക്കാറുള്ളത്. എന്നാൽ, ഇതിനു പിന്നിൽ സർക്കാരും വൻകിട കോർപ്പറേറ്റുകളും ഒളിച്ചുവെക്കുന്ന, രാജ്യത്തെ സാധാരണക്കാരുടെ അന്നം മുട്ടിക്കുന്ന മറ്റൊരു ഭീകരമായ കാരണമുണ്ട്—രാജ്യത്തെ ‘എത്തനോൾ നിർമ്മാണ നയം’. ഊർജ്ജ സുരക്ഷയുടെ പേര് പറഞ്ഞ്, കോർപ്പറേറ്റുകളുടെ ലാഭം ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വികലമായ നയങ്ങളാണ് ഇന്ന് വിപണിയിൽ നാം കാണുന്ന കൊടും വിലക്കയറ്റത്തിന്റെയും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും യഥാർത്ഥ കാരണം. ഇതൊരു അടിസ്ഥാനരഹിതമായ ആരോപണമല്ല എന്ന് മനസ്സിലാക്കാൻ ഒരു കോഴിമുട്ടയുടെ ഉദാഹരണമെടുക്കാം.

​മുട്ടക്കോഴികൾക്ക് നൽകുന്ന കോഴിത്തീറ്റയിലെ ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത പദാർത്ഥമാണ് ചോളം (Maize). എന്നാൽ ഇന്ന് രാജ്യത്ത് വൻതോതിൽ ചോളം എത്തനോൾ നിർമ്മാണത്തിനായി ഉപയോഗിക്കുകയാണ്. ടൺ കണക്കിന് ചോളം ഫാക്ടറികളിലേക്ക് പോകുമ്പോൾ, സ്വാഭാവികമായും പൊതുവിപണിയിൽ ചോളത്തിന്റെ ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്യുന്നു.

​ഇതിന്റെ നേരിട്ടുള്ള ആഘാതം കോഴിത്തീറ്റ നിർമ്മാണ മേഖലയിലാണ് ഉണ്ടാകുന്നത്. വിലകൂടിയ ചോളം വാങ്ങി തീറ്റയുണ്ടാക്കാൻ കമ്പനികൾ നിർബന്ധിതരാകുമ്പോൾ കോഴിത്തീറ്റയുടെ വിലയും കുത്തനെ ഉയരും. ഉയർന്ന വില കൊടുത്ത് കോഴിത്തീറ്റ വാങ്ങി കോഴികൾക്ക് നൽകി മുട്ട ഉൽപ്പാദിപ്പിക്കുമ്പോൾ, കർഷകർക്ക് ആ മുട്ടയുടെ വിലയും വർദ്ധിപ്പിക്കേണ്ടി വരുന്നു. ഫലമോ? ഉൽപ്പാദനച്ചെലവിലെ ഈ വർദ്ധനവ് മുഴുവൻ സാധാരണക്കാരനായ ഉപഭോക്താവിന്റെ ചുമലിലാകുന്നു. ഒരു കോഴിമുട്ട ഉപഭോക്താവിന്റെ കൈകളിൽ എത്തുമ്പോഴേക്കും അതിന്റെ വിലയിൽ 40 ശതമാനം മുതൽ 60 ശതമാനം വരെയാണ് ഈയൊരു കാരണം കൊണ്ട് മാത്രം വർദ്ധനവുണ്ടാകുന്നത്. പാലും കോഴിയിറച്ചിയും അടക്കമുള്ള മറ്റ് അടിസ്ഥാന ഭക്ഷണ സാധനങ്ങൾക്കും തീവിലയാകാൻ കാരണം മറ്റൊന്നല്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad