കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിന്റെ ദീര്‍ഘകാല വികസന ആവശ്യങ്ങളും ജനങ്ങള്‍ നേരിടുന്ന അടിയന്തര പ്രശ്‌നങ്ങളും മുഖ്യമന്ത്രി വി.ഡി സതീശന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കല്ലട്ര മാഹിന്‍ എം.എല്‍.എ മുഖ്യമന്ത്രിയെ നേരില്‍കണ്ട് നടത്തിയ ചര്‍ച്ചയില്‍ കാസര്‍കോടിന്റെ സമഗ്ര വികസനത്തിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുന്‍ഗണനയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി എം.എല്‍.എ അറിയിച്ചു.
ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നു പ്രധാന വിഷയങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കല്ലട്ര മാഹിന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ധനസഹായങ്ങളും അതിവേഗം പുനഃസ്ഥാപിച്ച് വിതരണം ചെയ്യുക, യാത്രാദുരിതം രൂക്ഷമായ ചെര്‍ക്കള- കല്ലടുക്ക റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കുക, കാസര്‍കോട് മെഡിക്കല്‍ കോളജിലെ നിലവിലെ പ്രതിസന്ധികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഉടന്‍ പരിഹാരം കണ്ടെത്തുക എന്നിവയാണ് അടിയന്തര പരിഗണനയ്‌ക്കെടുത്ത വിഷയങ്ങള്‍.
മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെയും ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെയും സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരുടെയും നിര്‍മാണ കമ്പനി പ്രതിനിധികളുടെയും യോഗം അടിയന്തരമായി വിളിച്ചുചേരാന്‍ തീരുമാനമായതായും എം.എല്‍.എ അറിയിച്ചു. കാസര്‍കോടിന്റെ വികസനത്തിനും ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കുമായി നടത്തുന്ന ശ്രമങ്ങള്‍ തുടരുമെന്നും നാടിന്റെ സര്‍വതോമുഖമായ പുരോഗതിക്കായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും കല്ലട്ര മാഹിന്‍ എം.എല്‍.എ അഭ്യര്‍ഥിച്ചു.

Post a Comment
0 Comments