Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡി. കോളജ് വിഷയത്തില്‍ 9ന് അടിയന്തര യോഗം ചേരും; ആരോഗ്യ മന്ത്രിയെ കണ്ട് എം.എല്‍.എ


കാസര്‍കോട്: ജില്ലയുടെ കാത്തിരിപ്പായ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന അടിയന്തര പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി സെപ്റ്റംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിലാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കല്ലട്ര മാഹിന്‍ എം.എല്‍.എ നേരിട്ട് കണ്ട് അഭ്യര്‍ഥിച്ചതു മാനിച്ചാണ് മന്ത്രിയുടെ നടപടി.

മെഡിക്കല്‍ കോളജിന്റെ ബാക്കിനില്‍ക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുക, ആശുപത്രിയുടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കുക, ജില്ലയിലെ മറ്റു പ്രധാന ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരുടെയും ഭൗതിക സാഹചര്യ ങ്ങളുടെയും കുറവ് പരിഹരിക്കുക തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്യും. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കാസര്‍കോടിന്റെ ആരോഗ്യ മേഖലയ്ക്ക് അത്യാവശ്യമായ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും മെഡിക്കല്‍ കോളജിനെ അത്യാധുനിക സംവിധാനങ്ങളോടെ പൂര്‍ണ സജ്ജമായ ആരോഗ്യ സ്ഥാപനമാക്കി മാറ്റുന്നതിനുമുള്ള ഉറച്ച പോരാട്ടങ്ങളും ഇടപെടലുകളും ശക്തമായി തുടരുമെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad