Type Here to Get Search Results !

Bottom Ad

ജനകീയ സമിതിയുടെ ഇടപെടലിന്റെ ഫലം; കരുവല്‍ത്തടുക്ക-നേക്രംപാറ, പൊടിപള്ള- നാട്ടക്കല്ല് റോഡുകളുടെ നവീകരണത്തിന് നടപടിയാവുന്നു


കാസര്‍കോട്: കറുവല്‍ത്തടുക്ക നാരമ്പാടി നേക്രംപാറ പൊതുമരാമത്ത് വകുപ്പ് റോഡിന്റെയും പൊടിപോള്ള- ബെളിഞ്ച- നാട്ടക്കല്ല് റോഡിന്റെയും ആധുനികവത്കരണത്തിനായി 'കുമ്പഡാജെ ജനകീയ സമിതി' നടത്തിയ നിരന്തരമായ ഇടപെടലുകള്‍ക്ക് നിര്‍ണായക ഫലം ലഭിച്ചതായി പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക മറുപടിയില്‍ വ്യക്തമായി. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായ ഈ റോഡിന്റെ വികസനത്തിനായി ജനകീയ സമിതി മുഖ്യമന്ത്രിക്കും പൊതുമരാമത്ത്മന്ത്രിക്കും, കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിനും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ ഔദ്യോഗിക മറുപടിയില്‍ റോഡിന്റെ സമഗ്ര നവീകരണത്തിന് ആവശ്യമായ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചതായി അറിയിച്ചു. സര്‍ക്കാര്‍ ഭരണാനുമതിയും സാമ്പത്തിക അംഗീകാരവും ലഭിക്കുന്ന മുറയ്ക്ക് ഷപദ്ധതിയുടെ തുടര്‍നടപടികള്‍ക്ക് വേഗം കൈവരുമെന്നാണ് പ്രതീക്ഷ.

മൂന്നു ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈപ്രധാന റോഡ് പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ്. റോഡിന്റെ ഇരുവശങ്ങളിലും പ്രാഥമിക, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നതിനാല്‍ ആയിരക്കണക്കിന് ആളുകളുടെ ദൈനംദിന യാത്ര ഈ റോഡിനെ ആശ്രയിച്ചാണ്. വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ ഇടുങ്ങിയ റോഡ് ഗതാഗതക്കുരുക്കിനും അപകടസാധ്യതക്കും ഇടയാക്കുന്നുവെന്ന കാര്യം ജനകീയ സമിതി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. റോഡ് വീതികൂട്ടി ആധുനിക നിലവാരത്തില്‍ മെക്കാഡം ടാറിംഗ് നടത്തി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടികളെന്ന് സമിതി വിലയിരുത്തി.

ജനങ്ങളുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഒരുമിച്ച് നടത്തിയ ഇടപെടലാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് ജനകീയ സമിതി അറിയിച്ചു. പദ്ധതിക്ക് എത്രയും വേഗം ഭരണാനുമതിയും ഫണ്ടും അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ജനകീയ സമിതി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതുവരെ തുടര്‍ന്നും ശക്തമായ ജനകീയ ഇടപെടലുകള്‍ നടത്തുമെന്നും സമിതി വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad