Type Here to Get Search Results !

Bottom Ad

തീ മുളയ്ക്കുന്ന യുവത്വമേ.. ജീവന്റെ കാവലാളാകൂ...! ചെര്‍ക്കളം അബ്ദുള്ള സ്മരണയില്‍ രക്തദാന ക്യാമ്പ് ഓഗസ്റ്റ് 4ന്


ചോര തിളയ്ക്കുന്ന യൗവനത്തെക്കാള്‍ മനോഹരമായ മറ്റൊന്നില്ല. എന്നാല്‍ ആ ചോര മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കൂടി തിളയ്ക്കുമ്പോഴാണ് അത് യഥാര്‍ഥ വിപ്ലവമാകുന്നത്! സോഷ്യല്‍ മീഡിയ സ്‌ക്രോളിംഗുകളുടെയും സൈബര്‍ തിരക്കുകളുടെയും നടുവില്‍, 'നമുക്കും എന്തെങ്കിലും ചെയ്യണ്ടേ ബ്രോ?' എന്ന് ചോദിക്കുന്ന ഇന്നത്തെ പുതിയ തലമുറയെ ചേര്‍ത്തുപിടിക്കുന്ന മികച്ചൊരു കൂട്ടായ്മയ്ക്കാണ് നമ്മുടെ കാസര്‍കോട് വേദിയാകാന്‍ പോകുന്നത്.

രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പുഞ്ചിരി കൊണ്ടും പെരുമാറ്റം കൊണ്ടും ജനമനസുകളില്‍ ഇന്നും ജീവിക്കുന്ന കാസര്‍കോടിന്റെ പ്രിയനേതാവ് ചെര്‍ക്കളം അബ്ദുള്ളയുടെ എട്ടാം ചരമവാര്‍ഷിക വേളയിലാണ് ഈവലിയ ജീവകാരുണ്യ മാമാങ്കത്തിന് ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്‍ കളമൊരുക്കുന്നത്.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മഹത്തായ അനുസ്മരണ സമ്മേളനത്തില്‍ കക്ഷിരാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്കപ്പുറം നാടിന്റെ ഓരോ കോണിലും സമഗ്ര വികസനമെത്തിച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു ചെര്‍ക്കളം അബ്ദുള്ള സാഹിബ് എന്ന് കേരളത്തിന്റെ ബഹുമാന്യനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം കൊളുത്തിവെച്ച വികസന ദീപങ്ങള്‍ ഇന്ന് കേരളമാകെ പ്രകാശം ചൊരിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി പുത്രന്മാരില്‍ പലരും പല വഴികളിലേക്ക് തിരിയുന്ന കാഴ്ചകള്‍ക്കിടയില്‍, സ്വന്തം പിതാവിന്റെ സ്മരണ നിലനിര്‍ത്താന്‍ വേറിട്ടൊരു വഴി വെട്ടിത്തെളിച്ച ചരിത്രപരമായ മാതൃകയാണ് നാസര്‍ ചെര്‍ക്കളം. പിതാവ് വെട്ടിത്തെളിച്ച സ്‌നേഹപാതയിലൂടെ സഞ്ചരിച്ചുകൊണ്ട് അദ്ദേഹം രൂപീകരിച്ച 'ചെര്‍ക്കളം അബ്ദുള്ള സാഹിബ് ഫൗണ്ടേഷന്‍' ഇന്ന് കാസര്‍കോടിന്റെ മണ്ണില്‍ നന്മയുടെ പുതിയൊരു അടയാളപ്പെടുത്തലാണ്. മതഭേദമന്യേ, വംശ- രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട് നാടിന്റെ ഏത് ആവശ്യത്തിനും മുന്നില്‍ നിന്ന് ഓടിനടക്കുന്ന നാസര്‍ ചെര്‍ക്കളത്തിന്റെ നേതൃത്വം ഈ ജീവകാരുണ്യ പ്രസ്ഥാനത്തിന് വലിയൊരു കരുത്താണ്.

ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് ചെര്‍ക്കളം അബ്ദുള്ള ഫൗണ്ടേഷന്‍, ഞആഗ, ടീം ട്രയാംഗിള്‍ എന്നിവര്‍ കൈകോര്‍ത്ത് കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ വച്ച് ബൃഹത്തായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിന്റെ പോസ്റ്റര്‍ പ്രകാശനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ ഒരു തുള്ളി രക്തത്തിനായി ആശുപത്രി വരാന്തകളില്‍ നെട്ടോട്ടമോടുന്ന മനുഷ്യര്‍ക്ക് മുമ്പില്‍ കാവലാളാകുന്നതിനേക്കാള്‍ വലിയൊരു ഹീറോയിസം വേറെന്താണുള്ളത്?

അപകടങ്ങളിലും ശസ്ത്രക്രിയകളിലും ജീവന്‍ കയ്യില്‍ പിടിച്ചു കഴിയുന്ന ഏതോ ഒരു മനുഷ്യന് നിങ്ങള്‍ നല്‍കുന്ന ഒരു യൂണിറ്റ് രക്തം സമ്മാനിക്കുന്നത് തിരികെ കിട്ടുന്ന പുതിയൊരു ആയുസ്സാണ്. അതുകൊണ്ട് തന്നെയാണ് ഈ രക്തദാന ക്യാമ്പ് കേവലമൊരു ചടങ്ങാകാതെ, സൗഹൃദവും ജീവകാരുണ്യവും ആഘോഷമാക്കുന്ന യുവത്വത്തിന്റെ വമ്പന്‍ സംഗമമായി മാറുന്നത്. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍വച്ച് ഓഗസ്റ്റ് 4, ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടപ്പിലാക്കുന്ന ഈജീവരക്ഷാ ദൗത്യത്തിലേക്ക് ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാഗതം!

ഇത് വെറുമൊരു രക്തദാനമായി കാണാതെ നാളെയുടെ പ്രതീക്ഷകളിലേക്കുള്ള കയ്യൊപ്പാണെന്ന് മനസിലാക്കുക. സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ക്കപ്പുറം യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാള്‍ക്കെങ്കിലും തണലാകാന്‍ കൊതിക്കുന്ന നമ്മുടെ നവതരംഗ യുവത ഒന്നടങ്കം കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തേണ്ട ദിനമാണിത്. വരൂ, നമുക്ക് നമ്മുടെ ചോരകൊണ്ട് ഒരാളുടെ ജീവന്‍ കാക്കാം- ഓഗസ്റ്റ് 4-ന് രക്തദാന ക്യാമ്പില്‍ പങ്കാളികളായി ഈ ജീവരക്ഷാ ദൗത്യത്തിന്റെ കരുത്തായി മാറൂ..

Tags

Post a Comment

0 Comments

Top Post Ad

Below Post Ad