Type Here to Get Search Results !

Bottom Ad

നോവായി 12കാരന്‍ ശ്രീഹരിയുടെ മരണം കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി ഏന്മകജെ പഞ്ചായത്ത് യൂത്ത് ലീഗ്


കാസര്‍കോട്: പെര്‍ള ബേദ്രംപള്ളയില്‍ കഴിഞ്ഞ ദിവസം മരിച്ച ഏഴാം ക്ലാസുകാരന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി. ബന്‍പുത്തടക്ക ദുര്‍ഗാ പരമേശ്വരി എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീഹരി (12)യെയാണ് കഴിഞ്ഞ ദിവസം ബേദ്രംപള്ളയിലെ താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട അടൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് കുടിയേറിയതാണ് ശ്രീഹരിയുടെ കുടുംബം. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ പിതാവിന്റെ തുച്ഛമായ വരുമാനത്തിലും കഠിനമായ പരിമിതികള്‍ക്കിടയിലും അമ്മയും രണ്ടു അനുജത്തിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു പഠനത്തിലും മറ്റു കാര്യങ്ങളിലും ഏറെ മിടുക്കനായിരുന്ന ശ്രീഹരി.

ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപ്രതീക്ഷിത ദുരന്തം മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. ജന്മനാട്ടില്‍ നിന്നും അകലെ മകനെ നഷ്ടപ്പെട്ട് പകച്ചുനിന്ന കുടുംബത്തിന് താങ്ങായി നാടിന്റെ നന്മയാര്‍ന്ന കരുതലോടെ ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും അടിയന്തരമായി ഇടപെട്ടു. ദുരന്തവിവരമറിഞ്ഞ് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് ഇടപെടുകയും കുട്ടിയുടെ ഭൗതികശരീരം ജന്മനാടായ അടൂരിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സ് സൗകര്യം അടിയന്തരമായി ക്രമീകരിക്കുകയും ചെയ്തു. യാത്രയ്ക്കുള്ള മുഴുവന്‍ ചെലവുകളും മുസ്്‌ലിം യൂത്ത് ലീഗ് ഏന്മകജെ പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്ത് മാതൃകയായി.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമാവതി, വൈസ് പ്രസിഡന്റ് സിദ്ദീഖ് വോളമുകര്‍, പ്രധാന അധ്യാപകന്‍ സാജു, ബെദ്രംപള്ളയിലെ പ്രിയപ്പെട്ടവര്‍, അധ്യാപകര്‍ എന്നിവരടങ്ങുന്നവര്‍ നിറഞ്ഞ കണ്ണുകളോടെ കുരുന്നിന് വിടചൊല്ലാന്‍ ആശുപത്രി പരിസരത്ത് എത്തിയിരുന്നു. ഒടുവില്‍, ഒരിക്കലും ഉണങ്ങാത്ത നൊമ്പരമായി ശ്രീഹരിയുടെ ഭൗതികശരീരം ജന്മനാട്ടിലേക്ക് യാത്രയാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad