Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹുസൈനാര്‍ മഹ്ഷാദ് നേരിട്ടത് മനുഷ്യാവകാശ ലംഘനം: കല്ലട്ര മാഹിന്‍ എം.എല്‍.എ


കാസര്‍കോട്: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടി വന്നെന്ന കാസര്‍കോട് എരിയാല്‍ സ്വദേശി ഹുസൈനാര്‍ മഹ്ഷാദിന്റെ പരാതി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ പറഞ്ഞു. ഹുസൈനാര്‍ മഹ്ഷാദിനെ ബന്ധപ്പെട്ട് എംഎല്‍എ കാര്യങ്ങള്‍ വിലയിരുത്തി.

ജീവിതത്തിന്റെ നല്ലൊരു ഭാഗം കുടുംബത്തിനും നാടിനുമായി വിദേശത്ത് കഠിനാധ്വാനം ചെയ്യുന്നപ്രവാസികള്‍ സമൂഹത്തിന്റെ കരുത്താണ്. അവരുടെ അന്തസിനും അവകാശങ്ങള്‍ക്കും മുറിവേല്‍ക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല. നിയമപരമായ പരിശോധനകള്‍ നടത്തേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെങ്കിലും മനുഷ്യാവകാശങ്ങളും വ്യക്തിയുടെ ആത്മാഭിമാനവും മാനിച്ചുകൊണ്ടായിരിക്കണം. പരാതിയില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കപ്പെടുന്നപക്ഷം ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. 

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ മുസ്ലിം ലീഗ് എന്നും കൂടെയുണ്ടാവും. അവകാശങ്ങളും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും നിയമപരമായ ഇടപെടലുകള്‍ നടത്താന്‍ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ്. ഒരു പ്രവാസിക്കും ഒറ്റപ്പെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന ഉറപ്പു നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ശബ്ദം കേള്‍ക്കുന്ന രാഷ്ട്രീയമാണ് മുസ്ലിം ലീഗിന്റെത്. അവരുടെ സുരക്ഷയും അന്തസും അവകാശങ്ങളും സംരക്ഷിക്കാന്‍ എന്നും ഒപ്പമുണ്ടാകുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad