മംഗളൂരു: ദക്ഷിണ കന്നഡ ജില്ലാ ഖാസിയായിരുന്ന ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ ബാ അലവി തങ്ങളെ പുതിയ ജില്ലാ ഖാസിയായി നിയമിച്ചു. 1966ല്‍ മലപ്പുറം ജില്ലയിലെ പാണക്കാടിന് സമീപമുള്ള പൂവാട്ട് ജനിച്ച അദ്ദേഹം ബാല്യം മുതല്‍ മതപാണ്ഡിത്യം ആത്മീയത, സേവനമനോഭാവം എന്നിവ നിറഞ്ഞ അന്തരീക്ഷത്തിലാണ് വളര്‍ന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടവും വിജ്ഞാനം, സേവനം, നേതൃത്വം എന്നീ മൂല്യങ്ങളാല്‍ രൂപപ്പെട്ടതാണ്. ഇന്ന് കേരളത്തിലെ പ്രമുഖ മതനേതാക്കളില്‍ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു.
യമനിലെ ഹദ്‌റമൗത്ത് പ്രദേശത്തെ ബാ അലവി സാദാത്തുകളിലൂടെ പ്രവാചകന്‍ മുഹമ്മദ് നബി യുടെ വിശുദ്ധ പാരമ്പര്യവുമായി ബന്ധമുള്ള ശിഹാബുദ്ദീന്‍ ബാ അലവി കുടുംബത്തിലെ അംഗമാണ് അദ്ദേഹം.
ബാല്യകാലം മുതല്‍ മതപഠന ത്തിന് മുന്‍ഗണന നല്‍കിയ അദ്ദേഹം ഒതുപള്ളിയിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. തുടര്‍ന്ന് മദ്‌റസാ പഠനവും പൊതു വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി പരമ്പരാഗത ദര്‍സ് സംവിധാനത്തില്‍ ഏകദേശം പതിമൂന്ന് വര്‍ഷത്തോളം ഇസ്ലാമിക വിജ്ഞാന ശാഖകളില്‍ ആഴത്തില്‍ പഠനം നടത്തി. കേരളത്തിലെ പ്രമുഖ ഉലമാക്കളില്‍ നിന്ന് വിജ്ഞാനം നേടിയ അദ്ദേഹം, പ്രത്യേകിച്ച് വലിയുല്ലാഹി കന്യാല അബ്ദുല്ല മൗലായുടെ പ്രഥമ ഖലീഫയായ ശൈഖ് അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ ശിഷ്യത്വത്തില്‍ ആത്മീയവും വൈജ്ഞാനികവുമായ പരിശീലനം നേടി. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്, ശാഫിഈ ഫിഖ്ഹ്, അഖീദ, അറബി ഭാഷയും സാഹി ത്യവും, ഇസ്ലാമിക ധാര്‍മ്മികതയും തസവ്വുഫും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹം ഗഹനമായ പാണ്ഡിത്യം നേടി.
പിതാവിന്റെ വിയോഗശേഷം ആന്‍ഡമാന്‍ ദ്വീപുകളുടെ ഖാസിയായി അദ്ദേഹം ചുമതലയേറ്റു. അദ്ദേഹത്തിന്റെ പാണ്ഡിത്യം, സത്യനിഷ്ഠ, മതപ്രതിബദ്ധത, ഭരണനൈപുണ്യം എന്നിവ മാനിച്ച് 2009 ജൂണില്‍ കേരളത്തിലെ ഉലമാക്കളും ഉമറാക്കളും അദ്ദേഹത്തെ കോഴിക്കോട് വലിയ ഖാസിയായി നിയമിച്ചു. ഇപ്പോള്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ഏകദേശം 370-ലധികം മഹല്ലുകളുടെ ഖാസിയായി സേവന മനുഷ്ഠിക്കുന്നു. നിലവില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ മുസ്ലഹത് സമിതി പ്രസിഡന്റ്, എസ്.വൈ.എസ്് കേരള സംസ്ഥാന സമിതി അംഗം,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം ചെയ്യുന്നു.
ഇസ്ലാമിക വിജ്ഞാനത്തിലെ ആഴം, ഖുര്‍ആനും സുന്നത്തും സംബന്ധിച്ച അചഞ്ചലമായ പ്രതിബദ്ധത, ശാഫിഈ മദ്ഹബിനോടുള്ള വിശ്വസ്തത, വിനയം, എല്ലാവര്‍ക്കും എളുപ്പത്തില്‍ സമീപിക്കാനാകുന്ന വ്യക്തിത്വം, മത- സാമൂഹിക പ്രശ്‌നങ്ങള്‍ വിവേകത്തോടെ പരിഹരിക്കുന്ന കഴിവ്, മികച്ച ഭരണപാടവം, ഇസ്ലാമിക വിദ്യാഭ്യാസ വികസനത്തിനുള്ള സമര്‍പ്പണം, സാമൂഹിക സൗഹാര്‍ദ്ദം വളര്‍ത്താനുള്ള ദര്‍ശനം എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ പ്രധാന സവിശേഷതകളാണ്.
ദക്ഷിണ കന്നഡ ജില്ലാ ഖാസിയായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് ജൂലൈ 22ന് ഉച്ചയ്ക്ക് 1.30-ന് മംഗളൂരുവിലെ അന്‍സാരി റോഡിലുള്ള സീനത്ത് ബക്ഷ് യതീംഖാന ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ആറ്റ ക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍,കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍, കാസര്‍കോട എം.എല്‍.എ. മാഹിന്‍ ഹാജി, മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അശ്‌റഫ് പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കെ. അശ്‌റഫ്, മുഹമ്മദ് ഹനീഫ്, ഹാജി എസ്.എം. റഷീദ്, ഹാജി അബ്ദുസമദ്, മുഹമ്മദ് അശ്‌റഫ് ഹളേമനെ, മഖ്ബൂല്‍ അഹ്മദ്, അദ്ദു ഹാജി, ഐ. മൊയ്തീനബ്ബ ഹാജി പങ്കെടുത്തു.

Post a Comment
0 Comments