കാസര്‍കോട്. മൊഗ്രാല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സേവനമനുഷ്ഠിച്ചിരുന്ന കെ. അനിലിന് സസ്‌പെന്‍ഷന്‍. ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ട അനിലിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തികള്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടും അച്ചടക്ക ലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടതിനാല്‍ അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ വിധേയമായി സസ്‌പെന്റ്് ചെയ്തതായി ഹയര്‍സെക്കന്ററി വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ആര്‍.ആര്‍ ബിന്ദു അറിയിപ്പില്‍ പറയുന്നു.
കെ. അനില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഹയര്‍സെക്കന്ററി വിഭാഗം സീനിയര്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ 21-08-25ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സ്‌കൂളിന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച 34,69,100രൂപയും, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ നിര്‍മാണത്തിനായി സമഗ്ര ശിക്ഷ അഭയാന്‍ അനുവദിച്ച 21,50,000 രൂപയും ക്ലാസ്‌റൂം നവീകരണത്തിനായി ബിആര്‍സിയില്‍ നിന്ന് ലഭിച്ച 12 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 33,59,600 രൂപ 03-04-24 മുതല്‍ 21-02-25 വരെയുള്ള കാലയളവില്‍ പലഘട്ടങ്ങളിലായി പിന്‍വലിച്ചിട്ടുള്ളതായും ഇതില്‍ 33,50,000 രൂപ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പിന്‍വലിച്ചതായി രേഖാമൂലം അനില്‍ സമ്മതിച്ചിട്ടുള്ളതായും 2025 ഏപ്രില്‍ മെയ് മാസങ്ങളില്‍ ജോലിക്ക് ഹാജരാകാതെയും യഥാസമയം അവധി അപേക്ഷ സമര്‍പ്പിക്കാതെയും രണ്ടുമാസത്തെ ശമ്പളം അനധികൃതമായി കൈപ്പറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഹയര്‍സെക്കന്ററി വിഭാഗം ഡയറക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അധ്യാപകനെതിരെ നടപടി നീളുന്നതിലും പണം തിരിച്ചുപിടിക്കുന്നതിലും കാലതാമസമെടുക്കുന്നതില്‍ സ്‌കൂള്‍ പിടിഎയും മൊഗ്രാല്‍ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് സംഘടനകളും നിരന്തരമായി ബന്ധപ്പെട്ടവര്‍ക്ക് പരാതിയും നിവേദനങ്ങളും നല്‍കിവരികയായിരുന്നു. മൊഗ്രാല്‍ ദേശീയവേദി മുന്‍ മുഖ്യമന്ത്രിക്കും കണ്ണൂര്‍ ഹയര്‍ സെക്കന്ററി വിഭാഗം പൊതുവിദ്യാഭ്യാസ വകുപ്പ് മേഖല ഉപമേധാവിക്കും മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ് കഴിഞ്ഞ ആഴ്ച ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എം ഷാജിക്കും പരാതി നല്‍കിയിരുന്നു. പണാപഹരണ തട്ടിപ്പില്‍ ഉത്തരവാദിയായ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അനിലിനെതിരെ ഒടുവില്‍ വകുപ്പുതല സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ച നടപടിയെ പി.ടി.എ കമ്മിറ്റി, മൊഗ്രാല്‍ ദേശീയവേദി, മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ് സ്വാഗതം ചെയ്തു.

Post a Comment
0 Comments