Type Here to Get Search Results !

Bottom Ad

കുമ്പള ആരിക്കാടി കോട്ടയെ സാംസ്‌കാരിക കേന്ദ്രമാക്കണമെന്ന് ആവശ്യം


കുമ്പള: പേരും പെരുമയും കൊണ്ട് പ്രശസ്തമായ കുമ്പള ആരിക്കാടി കോട്ടയെ സാംസ്‌കാരിക പൈതൃക കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. ഇക്കേരി നായ്ക്കര്‍ രാജവംശത്തിന്റെ പെരുമ കൊണ്ടും മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് പടത്താവളമായി നിലകൊണ്ട് ചരിത്രത്താളുകളില്‍ മായാത്ത ഇടംനേടിയ കുമ്പള ആരിക്കാടി കോട്ടയെ പൈതൃക സാംസ്‌കാരിക കേന്ദ്രമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും സംഘടനകളും രംഗത്ത്.

പത്താം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ തുളു രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു കുമ്പള. ഭൂതകാലത്തിന്റെ മഹത്വം വിളിച്ചോതുന്ന ചില ശേഷിപ്പുകള്‍ ബാക്കിയുള്ളത് ആരിക്കാടിയിലെ ചെങ്കല്‍ കോട്ടയുടെ ഭാഗങ്ങള്‍ മാത്രമാണ്. കുമ്പളയുടെ പൂര്‍വ ചരിത്രത്തിന് തെളിവായി തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടയെ സംരക്ഷിച്ചു നിര്‍ത്താന്‍ സാംസ്‌കാരിക കേന്ദ്രം കൊണ്ട് സാധ്യമാവുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നുമുണ്ട്. കുമ്പള ടൗണില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെയുള്ളതാണ് ആരിക്കാടി കോട്ട. ഈകോട്ടയുടെ ചരിത്ര വേരുകള്‍ തേടി കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഗവേഷക സംഘങ്ങള്‍ എത്താറുണ്ടെങ്കിലും ഇവര്‍ക്ക് അടിസ്ഥാന സൗകര്യമില്ലാത്തത് വലിയ പോരായ്മയാണ്. 

കുമ്പള യക്ഷഗാന കുലപതി പാര്‍ഥി സുബയ്യ, കുമ്പള ഗാന്ധി എന്നറിയപ്പെടുന്ന മാധവപൈ, കായിക ഭൂപടത്തില്‍ രാജ്യത്തിന്റെ കരുത്തുറ്റ ക്രിക്കറ്റ് ഇതിഹാസമായ അനില്‍ കുംബ്ലെ എന്നിവരുടെ പേരിനോടൊപ്പം ലോകത്തെമ്പാടും അറിയപ്പെട്ട ഈ പ്രദേശം തുളുനാടിന്റെ ഹൃദയവും തുടിപ്പുമാണ്. അതുകൊണ്ടുതന്നെ ആരിക്കാടി കോട്ടയെ സാംസ് കാരിക കേന്ദ്രമാക്കി ഉയര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ പ്രദേശം കൂടിയാണെന്ന് കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവി പൂജാരി സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

നേരത്തെ ആരിക്കാടി കോട്ടയില്‍ സംസ്ഥാന ടൂറിസം വകുപ്പും പുരാവസ്തു ഗവേഷണ വകുപ്പും ചേര്‍ന്ന് സന്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ 2003ല്‍ ചെര്‍ക്കളം അബ്ദുള്ള മന്ത്രിയായിരിക്കെ 'കേരളത്തനിമ' പ്രകടിപ്പിക്കുന്ന വിധത്തില്‍ കലാഗ്രാമം നിര്‍മിക്കാന്‍ ഒരു ശ്രമം നടന്നിരുന്നു. എന്നാല്‍ പദ്ധതി പിന്നീട് വെളിച്ചം കാണാതെ പോയി. ഇപ്പോള്‍ ഈ ചരിത്ര സ്മാരകം കാടുമുടി നാശത്തിന്റെ വക്കിലാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad