കാസര്‍കോട്: കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പനയ്ക്കായി കടത്തിയ ആറു കിലോ കഞ്ചാവുമായി പിടിയിലായ കേസില്‍ രണ്ടു പ്രതികള്‍ക്ക് ഒരു വര്‍ഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ. ആഷിഖ് (30), അസ്‌കര്‍ അലി (32) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ഉത്തരവിട്ടു.
2020 ഏപ്രില്‍ 29ന് ഉച്ചയ്ക്ക് 1.15ഓടെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേക്കല്‍ ജംഗ്ഷനിലാണ് സംഭവം. കോവിഡ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിലവിലിരിക്കെ മുഖാവരണം ധരിക്കാതെയും നിയന്ത്രണങ്ങള്‍ ലംഘിച്ചും പിക്കപ്പ് ഓട്ടോയില്‍ ആറു കിലോ കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. അന്നത്തെ ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ വേണുഗോപാല്‍, പൊലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് വാഹനവും കഞ്ചാവും പ്രതികളെയും പിടികൂടിയത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍മാരായ പി നാരായണന്‍, നിസാം എസ് എന്നിവര്‍ അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവില്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹനും അഡ്വ. ചിത്രകലയും ഹാജരായി.

Post a Comment
0 Comments