കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ യ്ക്കിടെ ബേഡകംതലേക്കുന്നിലെ ഒമ്പത് വയസ്സു കാരന്‍ മുഹമ്മദ് ഇയാസ് മരണപ്പെട്ട സംഭവം അത്യന്തം ദുഃഖകരവും വേദനാജനകവുമാണെന്ന് കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ പറഞ്ഞു. സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി ഉന്നതതലത്തില്‍ സമഗ്രവും സുതാര്യവു മായ അന്വേഷണം നടത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ചികിത്സാ നടപടികളിലോ ശസ്ത്രക്രിയാ ക്രമീകരണങ്ങളിലോ മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിലോ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് വസ്തുതകള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മകനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കുടുംബാംഗങ്ങളുടെ വേദനയില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും എം.എല്‍.എ പറഞ്ഞു. കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക നഷ്ടപരിഹാരവും ആവശ്യമായ സര്‍ക്കാര്‍ സഹായങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരുമായി ബന്ധപ്പെട്ട വിഷയമാണിത്. അതിനാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചികിത്സാ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ആവശ്യമായ പരിഷ്‌കാര നടപടികള്‍ അടിയന്തരമായി നടപ്പാക്കുകയും വേണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ വിഷയംകൊണ്ടു വന്നിട്ടുണ്ടെന്നും സമഗ്ര അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനും ആവശ്യമായ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കല്ലട്ര മാഹിന്‍ എം.എല്‍.എ അറിയിച്ചു.

Post a Comment
0 Comments