Type Here to Get Search Results !

Bottom Ad

മ്യാൻമർ തീരത്ത് ബോട്ടുകൾ മറിഞ്ഞ് അപകടം; 500-ലേറെ റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചതായി റിപ്പോർട്ട്


മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർഥികളുമായി പോയ രണ്ട് ബോട്ടുകൾ മറിഞ്ഞ സംഭവത്തിൽ 500-ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ജൂൺ അവസാന വാരത്തിലാണ് രണ്ട് ബോട്ടുകളും യാത്ര ആരംഭിച്ചത്. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർഥി ക്യാമ്പുകളിൽ നിന്നുമുള്ള റോഹിങ്ക്യകളാണ് യാത്രക്കാരിൽ ഭൂരിഭാഗവും. സുരക്ഷിത ജീവിതം ലക്ഷ്യമാക്കി മലേഷ്യ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കായിരുന്നു ഇവരുടെ യാത്ര.

ഏകദേശം 267 പേരുമായി പുറപ്പെട്ട ആദ്യ ബോട്ട് യാത്രയ്ക്കിടെ കടൽക്ഷോഭത്തിൽപ്പെട്ട് കാണാതായെന്നാണ് വിവരം. തുടർന്ന് 247 പേരുമായി സഞ്ചരിച്ചിരുന്ന രണ്ടാമത്തെ ബോട്ട് ജൂലൈ 8-ന് മ്യാൻമറിലെ അയെയർവാഡി തീരത്തിന് സമീപം മറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഈ ബോട്ടിൽ ഉണ്ടായിരുന്ന ഏതാനും പേരെ മാത്രമാണ് ജീവനോടെ കണ്ടെത്താനായതെന്നാണ് പ്രാഥമിക വിവരം.

രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും 500-ലേറെ പേർ മരിച്ചിരിക്കാമെന്ന ആശങ്ക ശക്തമാണെന്ന് ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചു.

മൺസൂൺ കാലത്ത് ബംഗാൾ ഉൾക്കടലിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്നും മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം യാത്രകളിൽ നിരന്തരം അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad