മംഗളൂരുവിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് യുവതിയെ ബസ് സ്റ്റാൻഡിലിട്ട് വെട്ടിക്കൊന്നു. 21-കാരിയായ ലാവണ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി ചേതനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
അതേസമയം, എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ട് മംഗളൂരു ബണ്ട്വാളിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽവെച്ചാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്.
കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് കോളേജിലെ ജീവനക്കാരിയാണ് ലാവണ്യ. വ്യാഴാഴ്ച വൈകിട്ട് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ചേതൻ കാറിൽ ഇവിടേക്കെത്തുകയും യുവതിയുടെ അടുത്തെത്തിയ പ്രതി ബാഗിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നെത്തി വെട്ടിവീഴ്ത്തി.
നിലത്തു വീണ യുവതിയെ പലതവണ വെട്ടിപ്പരിക്കേൽപ്പിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി കാറിൽ കയറി രക്ഷപെടുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment
0 Comments