കാസര്‍കോട്: ദേശീയപാതയിലെ മണ്ണിടിച്ചിലും വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ദേശീയപാത നിര്‍മാണ പരിധിയിലുള്ള നഗരസഭ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നത്. ദേശീയ പാതയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.
കാസര്‍കോട് നഗരസഭയില്‍ നുള്ളിപ്പാടിയില്‍ വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കാന്‍ സംവിധാനമൊരുക്കണമെന്ന് കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധിച്ച് ഗതാഗതം സുഗമമാക്കാന്‍ അധികമായി എന്‍ട്രി പോയിന്റ് നല്‍കുന്നതിന് നടപടിയെടുക്കാന്‍ കലക്ടര്‍ ദേശീയ പാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പും പൊലീസും ദേശീയ പാത അതോറിറ്റിയും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.
തലപ്പാടി മുതല്‍ കാലിക്കടവ് വരെ വിവിധ പ്രദേശങ്ങളില്‍ കാലവര്‍ഷത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുന്നതിന് റാപിഡ് റെസ്പോണ്‍സ് ടീമിനെ നിര്‍മാണ കരാര്‍ കമ്പനികള്‍ നിയോഗിച്ചിട്ടുണ്ടെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ് പറഞ്ഞു. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു കോളജിന് മുന്നിലും ജില്ലാ ആശുപത്രിയ്ക്ക് മുന്നിലും കാല്‍ നടയ്ക്കുള്ള മേല്‍പ്പാലം നിര്‍മാണം വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗവും ചെറുവത്തൂര്‍ വീരമല കുന്നിലും മട്ടലായി കുന്നിലും മണ്ണിടിച്ചില്‍ ഭീഷണി നിലവിലുണ്ടെന്നും ദുരന്തം സംഭവിക്കാതിരിക്കാന്‍ മണ്‍സൂണിന് മുമ്പായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ആവശ്യപ്പെട്ടു.
വെള്ളക്കെട്ടിന് സാധ്യതയുള്ള മേഖലകള്‍ സംബന്ധിച്ച് വിശദമായ പഞ്ചായത്തുകളും നഗരസഭകളും സമര്‍പ്പിച്ചിരുന്നെങ്കിലും ദേശീയപാത അതോറിറ്റി ഫണ്ട് ഡെപ്പോസിറ്റ് ചെയ്യുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ഈവര്‍ഷം വലിയതോതില്‍ വെള്ളക്കെട്ടിനും വീടുകളില്‍ വെള്ളം കയറുന്നതിനും സാധ്യതയുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ് ദേശീയ പാത നിര്‍മാണ കരാര്‍ കമ്പെനി പ്രതിനിധികള്‍ എന്നിവര്‍ നിലവില്‍ നടന്നു വരുന്ന നിര്‍മാണ പുരോഗതി യോഗത്തില്‍ വിശദീകരിച്ചു. വീടുകളിലേക്ക് വെള്ളം കയറി മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പ്രത്യേകം റിലീഫ് ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി രമേശന്‍, കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ്, നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ബഷീര്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേന്ദ്രന്‍, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍,മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി.എ താജുദ്ദീന്‍,
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭന, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുല്‍ ഖാദര്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സബിത, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ അബ്ദുല്ല കുഞ്ഞി, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് മൂലക്കണ്ടം പ്രഭാകരന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്‍, എ.ഡി.എം കെ.വി ശ്രുതി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ലിപു എസ് ലോറന്‍സ്, കാസര്‍കോട് ആര്‍.ഡി.ഒ ബിനു ജോസഫ്, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ കെ.ആര്‍ മനോജ്, മോട്ടോര്‍ വാഹന വകുപ്പ് ആര്‍.ടി.ഒ ജെ.ജെറാഡ്, നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ്, മേഘ കണ്‍സ്ട്രക്ഷന്‍ പ്രതിനിധികള്‍, യു.എല്‍.സി.സി പ്രതിനിധികള്‍ സംസാരിച്ചു.

Post a Comment
0 Comments