കാസര്‍കോട്: പൊതുഗതാഗത മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ആവശ്യമായ ഡീസലിന് നികുതി ഇളവും റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കിയും വ്യവസായത്തെ സംരക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അനിയന്ത്രിതമായ ഡീസല്‍ വില വര്‍ധനവിനെതിരെ ജൂണ്‍ എട്ടിന് രാവിലെ ബസുടമകള്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.
വിദ്യാര്‍ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ഒരുക്കിയും കോടിക്കണക്കിന് രൂപ നികുതിയിനത്തില്‍ മുന്‍കൂറായി സര്‍ക്കാരിലേക്ക് നല്‍കിയും സര്‍ക്കാരിന് യാതൊരു മുതല്‍ മുടക്കുമില്ലാതെ പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയും സ്വയം തൊഴില്‍ എന്ന നിലയില്‍ വിവിധ ബസുടമകള്‍ നാലായിരം കോടിയോളം രൂപ മുടക്കി പൊതുഗതാഗത മേഖലയില്‍ സ്റ്റേജ് ക്യാരേജ് ആയി സര്‍വീസ് നടത്തിവരികയാണ്.
അശാസ്ത്രീയ ഗതാഗത നയം കാരണം 34,000 ബസുകളും 2,00,000 ലക്ഷം ബസ് തൊഴിലാളികളും ഉണ്ടായിരുന്നത് ഇന്ന് 8,000 ബസുകളായി ചുരുങ്ങി നിരത്തൊഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. സ്വകാര്യ ബസുകളിലെ യാത്രക്കാരില്‍ കൂടുതലും സ്ത്രീകളാണ്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ചാല്‍ സ്വകാര്യ ബസുകളിലെ നിലവിലെ കളക്ഷന്‍ പകുതിയായി കുറയും. ആ വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ ഡീസലടിക്കാനോ തികയാതെ സ്വകാര്യ ബസുകള്‍ നിരത്തൊഴിയാന്‍ നിര്‍ബന്ധിതരാകും. സ്വകാര്യ ബസുക ളുടെ സംരക്ഷണം ഉറപ്പുവരുത്തിയതിനു ശേഷമേ സ്ത്രീകള്‍ക്ക് സൗജന്യം അനുവദിക്കാവൂ. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ തീരുമാനത്തിന് ബസുടമകള്‍ എതിരല്ല. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി ടി. ലക്ഷ്മണന്‍, വൈസ് പ്രസിഡന്റ് പി.എ മുഹമ്മദ് കുഞ്ഞി, സി.എ മുഹമ്മദ് കുഞ്ഞി പങ്കെടുത്തു.

Post a Comment
0 Comments