മഞ്ചേശ്വരം: സംസ്ഥാനത്തുടനീളം നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലക്കുമ്പോള്‍, കാസര്‍കോട് മംഗളൂരു അന്തര്‍ സംസ്ഥാന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു. ഇതോടെ നാളെ മുതല്‍ കാസര്‍കോട്- മംഗളൂരു അന്തര്‍ സംസ്ഥാന റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.
ഇതുസംബന്ധിച്ച് എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഗതാഗത മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കുകയും നിയമസഭയില്‍ സബ്മിഷന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ ഇന്ദിര ഗ്യാരണ്ടിയില്‍ ഏറ്റവും ആകര്‍ഷകമായ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇതിന്റെ ആനുകൂല്യം ജില്ലയിലെയും മഞ്ചേശ്വരം താലൂക്കിലെയും സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ലെന്ന കാര്യം എം.കെ.എം അഷ്‌റഫ് എം.എല്‍.എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
നിലവില്‍ മഞ്ചേശ്വരം താലൂക്കില്‍ ഒരൊറ്റ കെ.എസ്.ആര്‍.ടി.സി ബസ് പോലുമില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് കാസര്‍കോട്- മംഗളൂരു റൂട്ടിലെ ഫാസ്റ്റ് പാസഞ്ചര്‍ ഒഴികെയുള്ള 36 ബസുകളിലാണ് സൗജന്യ യാത്രക്ക് അനുമതിയായത്. കാസര്‍കോട് മുതല്‍ മംഗളൂരു വരെ സൗജന്യ യാത്ര ചെയ്യാനാകും. സൗജന്യ യത്രയുള്ള ബസുകളില്‍ പ്രത്യേകം സ്റ്റിക്കര്‍ പതിച്ചിരിക്കും. നിലവില്‍ നൂറു ദിവസത്തേക്കാണ് അനുമതി. അതിനുശേഷം ആവശ്യമായ തുടര്‍നടപടി സ്വീകരിക്കും.
സൗജന്യ യത്രയുടെ മഞ്ചേശ്വരം മണ്ഡലംതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് ഉപ്പള ബസ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച ബസില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍വഹിക്കും.
ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന റൂട്ടുകളില്‍ കെ.എസ്ആര്‍.ടി.സി ബസുകള്‍ അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ നിയമസഭയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

Post a Comment
0 Comments