തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്ക് ഹോസ്പിറ്റലില്‍ ഒരേ സമയം എത്തിയ രണ്ടു വ്യത്യസ്ത രോഗികളില്‍ ഒരാള്‍ക്ക് മാത്രം ചികിത്സ നല്‍കി മറ്റൊരു കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തങ്കയം താലൂക്ക് ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
രാത്രി 11 മണി വരെ ആണ് നിലവില്‍ ഒ പി സമയം. 10:40 ഓട് കൂടി പനിയും ശ്വാസം മുട്ടും കാരണം ഹോസ്പിറ്റലില്‍ എത്തിയ വടക്കുമ്പാട് സ്വദേശിനിയും പത്തു വയസുള്ള മകളും ഡ്യൂട്ടിയില്‍ ഉള്ള കൗണ്ടര്‍ സ്റ്റാഫ് അനീഷിനോട് ഡോക്ടറെ കാണാന്‍ ടോക്കണ്‍ ആവശ്യപ്പെട്ടു. 10:30ഓടെ ഡോക്ടര്‍ പോയെന്നും ഇന്ന് ഇനി ഒപി ഇല്ലെന്നും പറഞ്ഞു വന്ന രോഗിയെ തിരിച്ചയച്ചു. ഇവര്‍ തിരിച്ചു പോവുന്നതിനിടെ ഹോസ്പിറ്റലില്‍ എത്തിയ മറ്റൊരു കുടുംബം ഡോക്ടറെ കാണാന്‍ ആവശ്യപെട്ടപ്പോള്‍ നേരത്തെ ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ അതേ ജീവനക്കാരന്‍ ഇവരെ കാശ്വാലിറ്റിയിലേക്ക് കൂട്ടി കൊണ്ട് പോവുകയും ഡോക്ടറെ കാണാന്‍ ഉള്ള സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു. ഡോക്ടര്‍ പരിശോധിക്കുന്നത് നേരത്തെ മടക്കി അയച്ച കുടുംബം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
ഇത് കണ്ട സെക്യൂരിറ്റി ജീവനക്കാരനും കൗണ്ടര്‍ സ്റ്റാഫും എത്തി മൊബൈലില്‍ നിന്നും ദൃശ്യം നീക്കം ചെയ്യണം എന്നാവശ്യപെട്ട് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കുടുംബം രാത്രി 11 മണിക്ക് ശേഷം പയ്യന്നൂരിലുള്ള താലൂക്ക് ഹോസ്പിറ്റലില്‍ എത്തിയാണ് ചികിത്സ നടത്തിയത്. കൂടിയ പനിയും കടുത്ത ശ്വാസം മുട്ടുമായി എത്തിയ കൊച്ചു കുട്ടിക്ക് ചികിത്സ നിഷേധിച്ച ജീവനക്കാരന്റെ ദാര്‍ഷ്ഠ്യത്തിനെതിരെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് മെമ്പര്‍ ഫായിസ് ബീരിച്ചേരി ആരോഗ്യ വകുപ്പ് മന്ത്രിക്കും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും, താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ക്കും, എംഎല്‍എക്കും രേഖാമൂലം പരാതി നല്‍കി. ആരോഗ്യ മേഖലയുടെ സിസ്റ്റത്തെ നശിപ്പിക്കുന്ന ഇത്തരം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments