Type Here to Get Search Results !

Bottom Ad

ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട യുവാവിന്റെ കുടുംബത്തിന് താങ്ങായി കല്ലട്ര മാഹിന്‍ എം.എല്‍.എ; 5 സെന്റ് സ്ഥലവും വീടും നല്‍കും


കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണ് ഇരുകാലുകളും നഷ്ടപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനും കുടുംബത്തിനും താങ്ങായി കല്ലട്ര മാഹിന്‍ എം.എല്‍.എ. നിലവില്‍ വാടകവീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന് സ്വന്തമായി വീട് വച്ചുനല്‍കുന്നതിനായി ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്ത് എം.എല്‍.എയും സഹോദരങ്ങളും ചേര്‍ന്ന് അഞ്ചു സെന്റ് സ്ഥലം നല്‍കും. ഈസ്ഥലത്ത് കുടുംബത്തിനായി പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ചെമ്മനാട് കോളിയടുക്കം സ്വദേശിയും നിലവില്‍ സീതാംഗോളിയില്‍ താമസക്കാരനുമായ ആയിഷയുടെ മകന്‍ അര്‍ഷാദി (24)നാണ് കഴിഞ്ഞ ദിവസം മാരാരിക്കുളം സ്റ്റേഷനില്‍ വച്ചുണ്ടായ ദാരുണമായ അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടത്. എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്നതിനായി ഉമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അര്‍ഷാദ്. എറണാകുളം സ്റ്റേഷന്‍ പിന്നിട്ട വിവരം വൈകി മാത്രം മനസിലാക്കിയ യുവാവ്, മാരാരിക്കുളം സ്റ്റേഷനില്‍ വച്ച് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ചലിച്ചുകൊണ്ടിരുന്ന ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

നിലവില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ഷാദിന്, എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വഴി മികച്ച അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ആലപ്പുഴ ജില്ലാ ലീഗ് നേതൃത്വത്തെയും കുടുംബ സുഹൃത്തുക്കളെയും ബന്ധപ്പെട്ട് ആശുപത്രിയില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ എം.എല്‍.എയ്ക്ക് സാധിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ അര്‍ഷാദിന്റെ ഉമ്മയ്ക്ക് ആവശ്യമായ താമസസൗകര്യവും അവിടെ ഉറപ്പാക്കിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് അടിയന്തരമായി വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു.

ചികിത്സയ്ക്ക് ശേഷം ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. യുവാവിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും സുമനസുകളും രംഗത്തുവരുന്നുണ്ടെന്നും എല്ലാവരുമായും ആലോചിച്ച് ആവശ്യമായ ബാക്കി സഹായങ്ങള്‍ കൂടി ഉറപ്പാക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഈപ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന് സ്‌നേഹ സഹായവുമായി സമൂഹം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad