താരസംഘടനയായ ‘അമ്മ’യിലെ പൊട്ടിത്തെറിക്ക് പിന്നാലെ സംഘടനയെ നയിക്കാൻ അടിയന്തരമായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള 9 അംഗ കമ്മിറ്റിയാണ് താൽക്കാലികമായി ചുമതലയേറ്റിരിക്കുന്നത്. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി.
ഈ കാലയളവിനുള്ളിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള പൊതുതിരഞ്ഞെടുപ്പ് നടപടികളിലേക്ക് സംഘടന കടക്കും. ജനറൽ ബോഡി യോഗത്തിൽ ശ്വേതയും 17 അംഗ ഭരണസമിതിയും രാജിവെച്ചതിനെ തുടർന്ന് താൽക്കാലിക സമിതി രൂപീകരിക്കാൻ മുതിർന്ന നടൻ ജഗദീഷിനെ പൊതുയോഗം ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തിൽ നടന്ന ദ്രുതഗതിയിലുള്ള ചർച്ചകൾക്കൊടുവിലാണ് രമേഷ് പിഷാരടിയെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
കെ.ബി.ഗണേഷ് കുമാർ, സാദിഖ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്‌ണ, ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരാണ് അംഗങ്ങൾ. കാലാവധി 4 മാസമാണെന്ന് പറഞ്ഞിരിക്കുന്നതെങ്കിലും ഒരു വർഷത്തിനു ശേഷം നടക്കുന്ന അടുത്ത ജനറൽ ബോഡി വരെ തുടരാമെന്നാണു ധാരണയെന്നാണു സൂചന.

Post a Comment
0 Comments