മഞ്ചേശ്വരം: വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചെന്ന സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. മാണിക്കോത്ത് കൊളവയലിലെ യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വാറണ്ട് നിലനില്‍ക്കുന്ന സുഹൈല്‍ (30) ആണ് പിടിയിലായത്. മഞ്ചേശ്വരം പൊലീസും ഹൊസ്ദുര്‍ഗ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഊര്‍ജിതമായ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഗ്യാങ് വാറിനെ തുടര്‍ന്ന് മംഗളൂരു കെസി റോഡില്‍ വെച്ച് കൊല്ലപ്പെട്ട കാലിയ റഫീഖിന്റെ മകനാണ് സുഹൈല്‍. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയെ പിടികൂടുന്നതിനായി വീട്ടിലെത്തിയ പൊലീസ് സംഘത്തെ സുഹൈലിന്റെ വീട്ടുകാര്‍ വലിയ കത്തി കൈയില്‍ പിടിച്ച് തടഞ്ഞുവെന്നും മറ്റു ചില പ്രദേശവാസികളും ചേര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. ബഹളത്തിനിടെ പൊലീസിനെ ആക്രമിച്ച് സുഹൈലിനെ ബലമായി മോചിപ്പിച്ച് കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതി.

Post a Comment
0 Comments