Type Here to Get Search Results !

Bottom Ad

വൃക്കരോഗിയെ സഹായിക്കാന്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിനെ ചൊല്ലി തര്‍ക്കം; കമ്മിറ്റി ഭാരവാഹി കുത്തേറ്റ് മരിച്ചു


ബദിയടുക്ക: വൃക്ക തകരാറിലായ യുവാവിനെ സഹായിക്കാന്‍ വേണ്ടി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിനെ ചൊല്ലി തര്‍ക്കം. ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹിയായ ബാങ്ക് സെക്യൂരിറ്റി വാച്ച്മാനെ രണ്ടംഗ സംഘം കുത്തിക്കൊലപ്പെടുത്തി. കുമ്പഡാജെ ബെദിര കുഡ്‌ലുവിലെ ബി.കെ സുരേഷ് (42)ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ മാര്‍പ്പനടുക്ക സ്വദേശികളായ കിരണ്‍, അഖിലേഷ് എന്നിവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. മൗവ്വാര്‍ സര്‍വീസ് സഹകരണ ബാങ്ക് മാര്‍പ്പനടുക്ക ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുരേഷ്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയിരുന്നു. ഈസമയം മാര്‍പ്പനടുക്ക സ്വദേശികളായ കിരണും അഖിലേഷും സ്ഥലത്തെത്തി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിനെ ചൊല്ലി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. മാര്‍പ്പനടുക്കയിലെ ജനാര്‍ദ്ദന എന്ന യുവാവിന്റെ രണ്ടു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സക്ക് പണം സ്വരൂപിക്കാനാണ് ടൂര്‍ണ മെന്റ് സംഘടിപ്പിച്ചത്. ടൂര്‍ണ്ണമെന്റിന് സ്വരൂപിച്ച തുക ഇന്നലെ രാത്രി എട്ടു മണിയോടെ കുമ്പഡാജെയിലെ ക്ലബില്‍ ബദിയടുക്ക പൊലീസിന്റെ സാന്നിധ്യത്തില്‍ കൈമാറിയിരുന്നു. ബദിയടുക്ക എസ്.ഐ സുകുമാരനടക്കം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

യോഗം കഴിഞ്ഞ് കുമ്പഡാജെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മാര്‍പ്പനടുക്ക ടൗണില്‍ സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ കിരണും അഖിലേഷും സുരേഷിനെ തടഞ്ഞുനിര്‍ത്തി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. സുരേഷിന്റെ മകന്‍ സുഭാഷും സ്ഥലത്തുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിനിടെ പ്രകോപിതരായ അക്രമികള്‍ സുരേഷിനെ കത്തി വീഴ്ത്തി. ആഴത്തിലുള്ള കുത്തേറ്റതിനെ തുടര്‍ന്ന് കുടല്‍മാല പുറത്തുവന്ന നിലയില്‍ ഉടന്‍ ചെങ്കള സഹകരണാസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതനായ കൊറഗയുടെയും ദേവകിയുടെയും മകനാണ് സുരേഷ്. ഭാര്യ: ഉഷ. മറ്റുമക്കള്‍: സുശാന്ത്, സുധീഷ്. സഹോദരങ്ങള്‍: ജനാര്‍ദ്ദന, വിശ്വനാഥ, നരേന്ദ്ര.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad