കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനവുമായി ബന്ധപ്പെട്ട് പൊതുശാന്തിയും സമാധാനവും ക്രമവും നിലനിര്‍ത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരും പൊതുജനങ്ങളും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണെന്ന് ജില്ലാ പൊലീസ്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത് അവരുടെ നേതാക്കളുടെ കര്‍ശന നിയന്ത്രണത്തില്‍ മാത്രമായിരിക്കണം. പ്രകടനത്തിന്റെ ആരംഭസ്ഥലം, അവസാനസ്ഥലം, സമയം, മാര്‍ഗം എന്നിവ മുന്‍കൂട്ടി പോലീസ് അധികാരികളുമായി ആലോചിച്ച് നിശ്ചയിക്കുകയും അതു കൃത്യമായി പാലിക്കുകയും വേണം.
വോട്ടെണ്ണല്‍ ദിവസമായ ദിവസം വൈകിട്ട് ഏഴു മണിക്ക് ശേഷം യാതൊരു തരത്തിലുള്ള പ്രകടനങ്ങളോ വിജയാഘോഷങ്ങളോ അനുവദനീയമല്ല. സമയപരിധി കര്‍ശനമായി പാലിക്കണം. പൊതുസ്ഥലങ്ങളിലും റോഡുകളിലും അല്ലെങ്കില്‍ മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തകരുടെ വീടുകളുടെ സമീപത്തും പടക്കം ഉപയോഗിക്കുന്നതിനും കര്‍ശനമായ വിലക്കുണ്ട്.
മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കളുടെ സ്വാധീനത്തിലോ ഉള്ള പ്രവര്‍ത്തകരുടെ പങ്കാളിത്തം നേതാക്കള്‍ കര്‍ശനമായി തടയേണ്ടതാണ്. ബൈക്ക് റാലികള്‍ അനുവദനീയമല്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അവ പിടിച്ചെടുക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മുന്‍കൂര്‍ അനുമതി ഇല്ലാതെ ഡിജെ സംവിധാനങ്ങളോ ഉച്ചഭാഷിണികളോ ഉപയോഗിക്കാന്‍ പാടില്ല. ഉച്ചഭാഷിണികളുടെ ശബ്ദം അനുവദിച്ചിരിക്കുന്ന പരിധി കവിയാന്‍ പാടില്ല.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ ശേഷിക്കുന്ന എല്ലാ ഫ്‌ളെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉടന്‍ നീക്കം ചെയ്യണം. മറ്റു പാര്‍ട്ടികളുടെ പ്രകടനങ്ങളില്‍ പ്രവേശിക്കുന്നത് യാതൊരു കാരണവശാലും അനുവദനീയമല്ല. നിയമലംഘനം കണ്ടെത്തുന്നപക്ഷം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.

Post a Comment
0 Comments