തൃക്കരിപ്പൂര്‍: തിരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്ന തരത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നിയോജക മണ്ഡലത്തില്‍ വ്യാപക കള്ളവോട്ടും അക്രമവും. പിലിക്കോട്ട് പുത്തിലോട്ട് യു.പി സ്‌കൂള്‍ ബൂത്തിലും ഗവ. വെല്‍ഫേര്‍ എല്‍പി സ്‌കൂള്‍ ബൂത്തിലും സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബൂത്തില്‍ യുഡിഎഫിന്റെ വനിത ഏജന്റിനു നേരെ നായ്ക്കുരണ പൊടി പാറ്റി അക്രമം നടത്തി.
ബൂത്തിന് പുറത്ത് നിന്ന യു ഡി എഫ് പ്രവര്‍ത്തകന് നേരെയും അക്രമമുണ്ടായി. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബൂത്തിലാണ് വൈകുന്നേരം അക്രമം അരങ്ങേറിയത്. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 154 നമ്പര്‍ ബൂത്തിലെ യുഡിഎഫ് വനിതാ ഏജന്റും ബ്ലോക്ക് മഹിള കോണ്‍ഗ്രസ് പ്രസിഡന്റുമായ തടിയന്‍ കൊവ്വലിലെ ടി. രദില(39), യുഡിഎഫ് പ്രവര്‍ത്തകന്‍ ഉദിനൂര്‍ സെന്‍ട്രലിലെ രോഹിത് രമേശ് (30) എന്നിവരെ പരിക്കുകളോടെ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാജ വോട്ടുകള്‍ ചെയ്യാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ ഉദിനൂര്‍ സ്‌കൂളിലെ ബൂത്തിനകത്ത് തനിക്ക് നേരെ അക്രമമുണ്ടായതെന്ന് രദില പറഞ്ഞു. ബൂത്തിന് പിന്നിലെ ജനലിലൂടെ രദിലയുടെ ദേഹത്തേക്ക് നായ്ക്കുരണ പൊടി പാറ്റി അക്രമിക്കുകയായിരുന്നു. ബൂത്തില്‍ അക്രമം നടക്കുന്നതറിഞ്ഞ് സ്‌കൂളിനടുത്ത് എത്തിയ ഉദിനൂരിലെ രോഹിത് രമേശിനെ 30 ഓളം വരുന്ന ഒരു സംഘം അക്രമിക്കുകയായിരുന്നു. രോഹിത്തിന് ചെവിക്കും കഴുത്തിനുമാണ് പരിക്ക്. യുഡിഎഫ് വനിത ഏജന്റിനെ നായ്ക്കുരണ പൊടി പാറ്റി അക്രമിച്ച സംഭവത്തില്‍ പൊലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.കെ. രാജേന്ദ്രന്‍ പരാതി നല്‍കി.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പരാജയ ഭീതിയിലായ സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയും ബൂത്തുകളില്‍ ക്രമക്കേടുകള്‍ കാട്ടുകയും ചെയ്തതായി ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍. പിലിക്കോട്, പടന്ന തുടങ്ങിയ പഞ്ചായത്തുകളിലെ ചില ബൂത്തുകളില്‍ ജനാധിപത്യം കശാപ്പ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

Post a Comment
0 Comments