വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിനുശേഷമുള്ള (എസ്.ഐ.ആര്‍.) ആദ്യതിരഞ്ഞെടുപ്പെന്ന നിലയില്‍ പോളിങ് ശതമാനം 85 കടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതീക്ഷിച്ചെങ്കിലും കേരളത്തില്‍ പോളിംഗ് ശതമാനം അത്ര കണ്ടുയര്‍ന്നില്ല. 2021-നെ അപേക്ഷിച്ച് രണ്ടുശതമാനത്തിലധികം മാത്രമാണ് വര്‍ധന. ഉച്ചവരെയുള്ള പോളിംഗ് കണ്ടു പോളിങ് ശതമാനം 90-ല്‍ എത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 78.27 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
വോട്ടിങ് നില ഉയര്‍ന്നതിന് പലഘടകങ്ങളില്‍ ഒന്നുമാത്രമായാണ് എസ്.ഐ.ആറിനെ തിരഞ്ഞെടുപ്പുവിശകലന വിദഗ്ധര്‍ കാണുന്നത്. ചില മണ്ഡലങ്ങളിലെ കനത്ത മത്സരം വോട്ടിങ് ശതമാനമുയരാന്‍ കാരണമായിട്ടുണ്ട്. 2021-നെ അപേക്ഷിച്ച് വര്‍ധനയുണ്ടായത് ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ ഒഴുക്കുണ്ടായിട്ടുണ്ടെന്ന സൂചന നല്‍കുന്നതായും വിശകലനം ചെയ്യപ്പെടുന്നു.
കേരളത്തിലെ എസ്‌ഐആറിന് ശേഷം പ്രതീക്ഷിച്ച വര്‍ധനവ് പോളിംഗ് ശതമാനത്തില്‍ ഉണ്ടായില്ലെങ്കിലും ഒപ്പം തിരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ്. അസമില്‍ 85.91 ശതമാനവും പുതുച്ചേരിയില്‍ 89.87 ശതമാനവും ആണ് രേഖപ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന അസമില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
എസ്.ഐ.ആറിലൂടെ പട്ടികയില്‍നിന്ന് മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാത്തവരെയുമൊക്കെ ഒഴിവാക്കിയുള്ള ശുദ്ധീകരണമാണ് കേരളത്തിലടക്കം നടന്നത്. അന്തിമപട്ടികയില്‍ പുതിയ വോട്ടര്‍മാര്‍കൂടി എത്തിയതോടെ 2021-നെ അപേക്ഷിച്ച് 3.06 ലക്ഷം വോട്ടര്‍മാരുടെ കുറവാണ് ഇക്കുറി ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ ഒഴുകിയെത്തിയതും ആദ്യമണിക്കൂറുകളില്‍ വോട്ടിങ് നില കുതിച്ചുയര്‍ന്നുകൊണ്ടിരുന്നതും തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, മിക്ക ജില്ലകളിലും ഉച്ചയ്ക്കുശേഷമുള്ള ഒഴുക്ക് സാധാരണ നിലയിലായിരുന്നു.

Post a Comment
0 Comments