Type Here to Get Search Results !

Bottom Ad

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ അഴിമതി ആരോപണം; എംഎല്‍എയ്ക്കും ബിആര്‍ഡിസി എംഡിക്കുമെതിരെ അന്വേഷണത്തിന് ആവശ്യം


കാസർകോട്: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ബേക്കൽ ബീച്ചിൽ 2022 മുതൽ നടന്നുവരുന്ന ‘ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ്’ പരിപാടിയുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതിയും നിയമലംഘനങ്ങളും നടന്നതായി ആരോപണം. മുൻ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി അഡ്വ ബി എം ജമാൽ, എംഎസ്എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം അഡ്വ ടി കെ ഹസീബ് എന്നിവരാണ് ആരോപണങ്ങളുമായി രംഗത്തുവന്നത്. 2026 ഏപ്രിൽ ആറ് തിങ്കളാഴ്ച കാസർകോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്. ബീച്ച് ഫെസ്റ്റ് പരിപാടിയുടെ നടത്തിപ്പിൽ സർക്കാർ കമ്പനിയായ ബിആർഡിസിയുടെ പേരിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാണ് പ്രധാന വിമർശനം.

ഉദുമ എംഎൽഎയായ സി എച്ച് കുഞ്ഞമ്പു സർക്കാർ അനുമതിക്കും ബിആർഡിസി തീരുമാനത്തിനും മുമ്പ് തന്നെ ഫെസ്റ്റിനായി സംഘാടക സമിതി രൂപീകരിച്ച് ചെയർമാനായി പ്രവർത്തിച്ചത് കമ്പനി നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് ഇവർ ആരോപിക്കുന്നു. സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച പരിപാടിയിൽ ഔദ്യോഗിക ചുമതലയില്ലാതെ എംഎൽഎ നേരിട്ട് ഇടപെട്ടതും വിമർശന വിധേയമാകുന്നുണ്ട്.

ബേക്കൽ ബീച്ച് ഫെസ്റ്റിലെ ആദ്യ എഡിഷനിലെ സ്റ്റാൾ ടെൻഡറിൽ വ്യാജ അപേക്ഷ സമർപ്പിച്ചുവെന്നതാണ് മറ്റൊരു പ്രധാന ആരോപണം. ‘ശ്രീഗോ റിസോർട്ട് ആൻഡ് സ്പാ’ എന്ന സ്ഥാപനത്തിന്റെ പേരിൽ കമ്പനി അറിയാതെ സംഘാടകർ തന്നെ ടെൻഡർ സമർപ്പിച്ചതായും ആവശ്യമായ ഇഎംഡി തുക അടച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഇതിന് പുറമെ ഫെസ്റ്റിൽ വ്യാപകമായി വ്യാജ ടിക്കറ്റുകൾ വിറ്റുവെന്നും വരുമാന കണക്കുകളിൽ വലിയ വ്യത്യാസമുണ്ടെന്നും ആരോപിക്കുന്നു. 10 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി പറയുന്ന പരിപാടിയിൽ ഏകദേശം നാല് ലക്ഷം ടിക്കറ്റുകളുടെ വരുമാനം മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയതെന്നാണ് ആരോപണം. ആദ്യമായി അവതരിപ്പിച്ച കണക്കിലും പിന്നീട് പുറത്തുവിട്ട കണക്കിലും വലിയ വ്യത്യാസം ഉണ്ടായതും സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ഇവർ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad