കാസര്‍കോട്: കാറഡുക്ക ബ്ലോക്കില്‍ ബോക്‌സൈറ്റ് ഖനനത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ നീക്കം അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ: എ. ഗോവിന്ദന്‍ നായര്‍ ആവശ്യപ്പെട്ടു. ജനസാന്ദ്രതയുള്ള പ്രദേശത്ത് കൃത്യമായ പഠനങ്ങള്‍ നടത്താതെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പദ്ധതികള്‍ക്ക് അനുമതി കൊടുത്തത് പ്രദേശത്തെ പരിസ്ഥിതി സന്തുലനവസ്ഥ ഇല്ലാതാക്കുകയും സാധാരണ ജനങ്ങളുടെ ജീവിത സുരക്ഷയെ ഇല്ലാതാക്കുകയും ചെയ്യും.
പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെയും പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാതെയും നടത്തുന്ന ഖനനനീക്കം നിയമപരമായും രാഷ്ട്രീയപരമായും നേരിടും. കേന്ദ്ര ഗവ. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ ഒത്താശ ചെയ്തുകൊടുത്തതില്‍ ഭരണ കക്ഷിയായ സി.പി.എം സംസ്ഥാന ജില്ല നേതൃത്വത്തിന്റെ നിലപാട് സംശയാസ്പദമാണ്. ഖനന നീക്കത്തെ എന്തുവില കൊടുത്തും എതിര്‍ക്കും. ഇതിനു പിന്നില്‍ വന്‍ അഴിമതി നടന്നതായും ജനങ്ങള്‍ സംശയിക്കുന്നു. ഒരു പ്രദേശത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന പദ്ധതിക്കാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയത്. പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതി ഉപേക്ഷിച്ചേ മതിയാകൂ എന്നും യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അറിയിച്ചു.

Post a Comment
0 Comments