Type Here to Get Search Results !

Bottom Ad

കാറഡുക്കയില്‍ ബോക്‌സൈറ്റ് ഖനനം വേണ്ടെന്ന് പ്രദേശവാസികള്‍; നാളെ മനുഷ്യമതില്‍


കാസര്‍കോട്: കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കാറഡുക്ക വാര്‍ഡുകളില്‍ കേന്ദ്ര- സംസ്ഥാന മൈനിങ് ആന്റ്് ജിയോളജി വകുപ്പുകള്‍ സംയുക്തമായി ചേര്‍ന്ന് ബോക്‌സൈറ്റ് ഖനനം നടത്താന്‍ സര്‍വേ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടന്ന സാഹചര്യത്തില്‍ നാളെ മനുഷ്യമതില്‍ തീര്‍ക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ മറ്റു ചില സ്ഥലങ്ങളില്‍ ഇതിനായി സ്ഥലം കണ്ടെത്തിയെങ്കിലും കാറഡുക്കയില്‍ കാടകം പ്രദേശത്ത് ഖനനത്തിനായി കണ്ടെത്തിയ പ്രദേശം ജനവാസ മേഖലയാണ്. 82.15 ഹെക്ടര്‍ സ്ഥലമാണ് ഖനനം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് പത്രമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഖനനം നടന്നാല്‍ വനം വകുപ്പിന്റെ സംരക്ഷിത വനഭൂമിയാണെങ്കിലും ഇതിനു ചുറ്റും ജനവാസ മേഖലയാണ്. കര്‍മംതൊടി, കല്ലളിക്കാല്‍, കൊട്ടംകുഴി, കുണ്ടടുക്കം, നാര്‍ളം, ചായിത്തലം, പയ്യനടുക്കം, നെക്കാര്‍ളം, പാണൂര്‍, വണ്ണാചടവ്, ശാന്തിനഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരത്തോളം വീടുകളെയും കുടുംബങ്ങളെയും ഖനനം നേരിട്ട് ബാധിക്കും. കിലോമീറ്ററുകള്‍ നീളുന്ന ചെങ്കല്‍ പാറകളുടെ അടുക്കുകള്‍ മാറ്റുന്നതോടെ സമീപപ്രദേശത്തെ കുടിവെള്ളത്തെയും ആയിരക്കണിന് ഏക്കര്‍ കൃഷിയെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

വനമേഖലയും ജനവാസ മേഖലയും ഇടകലര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് കാടകം. കാടും നാടും ഇടചേര്‍ന്നുള്ള ഭൂപ്രദേശമാണിത്. വന്യജീവികള്‍ ഈ പ്രദേശത്ത് ഉണ്ടാകാറുണ്ട്. ജലസംഭരണ ശേഷിയുള്ള മൂന്ന് പള്ളങ്ങള്‍ ഇവിടെയുണ്ട്. ഖനനം നടത്താനുള്ള നടപടികള്‍ കേന്ദ്ര മൈനിങ് ആന്‍ഡ് ജിയോളജി നടത്തുന്നത് രഹ സ്യമായിട്ടാണ്. ഇതിന്റെ പൂര്‍ണ വിവരങ്ങള്‍ ഇത് വരെ പരസ്യ പ്പെടുത്താനോ മാധ്യമങ്ങള്‍ക്ക് നല്‍കാനോ തയാറായിട്ടില്ല. സംസ്ഥാന- ജില്ലാ ഓഫീസുകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. 2017ല്‍ മണ്ണ് തുരന്നുള്ള പരിശോധന, സര്‍വേ എന്നിവ രഹസ്യ സ്വഭാവത്തോടെ പൂര്‍ത്തിയാക്കി. പദ്ധതി പ്രദേശത്ത് എത്തിയ സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഉള്ളവരോട് നാട്ടുകാരും ജനപ്രതിധികളും ആശങ്ക അറിയിച്ചപ്പോള്‍ സര്‍വേ നടപടികള്‍ മാത്രമാണെന്നും നാടിന്റെ ആശങ്ക പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂ എന്നും അറിയിച്ചു.

വനം വകുപ്പ് അധികൃതരോട് ബന്ധപ്പെടുമ്പോഴും ഒരു വിവരവും ലഭ്യമല്ല എന്നാണ് അറിയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നേരിട്ട് ടെണ്ടറിലേക്ക് കടക്കുകയാണ് ചെയ്തത്. ഏപ്രില്‍ 20ന് ടെന്‍ഡര്‍ കഷണിച്ചതായി ഇംഗ്ലീഷ് ദേശീയ മാധ്യമങ്ങളില്‍ കണ്ടു. നാടിനെ തകര്‍ക്കുന്ന ബോക്‌സൈറ്റ് ഖനനം നടത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടിലെ സാധാരണ മനുഷ്യരാണ് പ്രതി രോധ മനുഷ്യ മതില്‍ നടത്തുന്നത്. ഖനനം നടത്താന്‍ അടയാളപ്പെടുത്തിയ കാടകം പതിമൂന്നാംമൈലില്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് വൈകിട്ട് ആറിനാണ് സമരം. കാളിദാസ ക്ലബ് പരിസരത്ത് വൈകിട്ട് അഞ്ചിന് സമരസമിതി രൂപീകരണവും നടക്കും. പത്രസമ്മേളനത്തില്‍ എ. വിജയകുമാര്‍, കെ. ശങ്കരന്‍, കെ. ജയന്‍, സി.കെ വിജയകുമാര്‍, കെ.പി സുജല പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad