Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ എല്‍ഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ഥിക്കെതിരെ കുടുംബം; നിയമ വിരുദ്ധമായി സ്വത്ത് കൈക്കലാക്കാന്‍ ശ്രമമെന്ന്


കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷാനവാസ് പാദൂര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുടുംബാംഗങ്ങള്‍ക്കെതിരെ വ്യാജ പരാതി കൊടുത്ത് ഭീഷണിപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഭാര്യ സഹോദരന്മാരായ ലത്തീഫ് ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ ഇബ്രാഹിം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഞങ്ങള്‍ക്കെതിരെ ഷാനവാസ് പാദൂര്‍ നല്‍കിയ കള്ളപ്പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തെങ്കിലും കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ നിന്നും ഒരു ഉപാധിയുമില്ലാതെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. പ്രോസിക്യൂഷനെ സ്വാധീനിച്ചു കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം റദ്ദു ചെയ്യാന്‍ പോയെങ്കിലും കേരള ഹൈകോടതിയും കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു.

പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള ബെന്‍സ് കാര്‍ എല്ലാവരുടെയും സമ്മതപ്രകാരം ഒരു സഹോദരിക്ക് വില്‍പ്പന നടത്താന്‍ തീരുമാനിച്ചിരുന്നു. സഹോദരിക്ക് കാര്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കാമെന്ന് സ്വയം ഏറ്റെടുത്ത് ചില രേഖകളില്‍ ഷാനവാസ് ഒപ്പു ശേഖരിക്കുകയും വാഹനം രജിസ്റ്റര്‍ ചെയ്യുന്ന ഏജന്റ് വിളിക്കുമ്പോള്‍ ഒടിപി നല്‍കിയാല്‍ മതി എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. അതു പ്രകാരം ഏജന്റ് എന്ന് പറയുന്ന ആള്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ ചെയ്തു. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞു പിതാവിന്റെ പേരിലുള്ള സ്വത്തവകാശം ഭാഗിക്കുന്ന ചര്‍ച്ചയില്‍ കൂടുതല്‍ സ്വത്ത് ഷാനവാസ് ചോദിച്ചു. അതു പറ്റില്ലെന്നും നിയമപ്രകാരമുള്ള അവകാശങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ തയാറാണെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷെ ഷാനവാസ് കൂടുതല്‍ സ്വത്തവകാശം നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ കേസുകള്‍ ചുമത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

അന്നത്തെ കാസര്‍കോട് ഡിവൈഎസ്പി സുധാകരന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഞങ്ങളെ വിളിച്ചുവരുത്തുകയും ഷാനവാസ് പറയുന്നതു പോലെ ചെയ്യണമെന്നും അല്ലാത്തപക്ഷം ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കള്ളക്കേസ് ചുമത്തുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. പിന്നീട് മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ നിന്ന് സുരേഷ് കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് ഷാനവാസുമായുള്ള സ്വത്ത് തര്‍ക്കം അദ്ദേഹം പറയുന്നത് പോലെ തീര്‍ക്കണമെന്നും അല്ലാത്തപക്ഷം നിങ്ങള്‍ക്കെതിരെ വഞ്ചനാകുറ്റം ചുമത്തി കേസെടുക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതു സിവില്‍ സ്വഭാവമുള്ള കേസാണെന്നും

കോടതിയെ സമീപിച്ചോളാം എന്ന് ഞങ്ങള്‍ പറയുകയും എന്നാല്‍ ഞങ്ങള്‍ക്കെതിരെ കള്ളക്കേസ് ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരം മേല്‍പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മേല്‍കോടതിയില്‍ സത്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അതിനുശേഷം സത്യാവസ്ഥ എന്താണെന്ന് കാണിച്ച് തെളിവുകള്‍ സഹിതം ഞങ്ങള്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും മേല്‍ ഉദ്യാഗസ്ഥര്‍ക്കുമെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും

പരാതി നല്‍കിയെങ്കിലും ഷാനവാസിന്റെ ഡിമാന്‍ഡ് അംഗീകരിച്ചു കൊടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് പകരം ചില ആളുകള്‍ മുഖാന്തിരം വീണ്ടും ഭീഷണിപ്പെടുത്തുകയാണെന്നും കുടുംബം ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനില്‍ക്കുകയാണെന്നും വീണ്ടും പുതിയ കള്ളക്കേസുകളില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ഷാനവാസ് പാദൂരിന്റെ യഥാര്‍ഥ മുഖം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad