തൃക്കരിപ്പൂർ: വെറുപ്പിൻ്റെ രാഷ്ട്രീയം വിട്ട് രാഹുൽ ഗാന്ധിയുടെ സ്നേഹത്തിൻ്റെ കടയിലേക്ക് സന്ദീപ് വാര്യർ കടന്നു വന്ന ദിനം മതേതര കേരളം ആഹ്ളാദിച്ചതും ആഘോഷിച്ചതുമായ ദിവസമായിരുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ കൂടിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. തൃക്കരിപ്പൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൃക്കരിപ്പൂർ നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ നടന്ന "പടയൊരുക്കം'' തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അധികാരവും ഭീഷണിയും ഉയർത്തി ബിജെപി ആളുകളെ വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ ആ പാളയത്തിൽ നിന്ന് സന്ദീപ് വാര്യരെ പോലുള്ളവർ പുറത്ത് വന്ന് മതേതര ചേരിയോടൊപ്പം നിൽക്കാൻ കാണിക്കുന്ന ധൈര്യം മതേതര കേരളത്തിന് വലിയ പ്രതീക്ഷയാണുണ്ടാക്കുന്നത്. സംഘ് പരിവാർ ശക്തികളെ കാസർകോട് ജില്ലയിലടക്കം ശക്തമായി നേരിടുന്നത് യു.ഡിഎഫാണ്. പത്ത് വർഷത്തെ ഇടതുമുന്നണിയുടെ ദുർഭരണം അവസാനിപ്പിക്കാൻ തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Post a Comment
0 Comments