Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടികളുടെയും യുവതികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; സ്റ്റുഡിയോ ക്യാമറാമാന്‍ അറസ്റ്റില്‍


കാസര്‍കോട്: പെണ്‍കുട്ടികളുടെയും യുവതികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ടെലഗ്രാം ആപ്പിലൂടെയും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിച്ചതായി ഉയര്‍ന്ന ഗുരുതര പരാതിയില്‍ സ്റ്റുഡിയോ ക്യാമറാമാനെ കാസര്‍കോട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയണ്ണി ബേപ്പ് നെട്ടൂര്‍ മൂല ഹൗസില്‍ അശോകന്റെ മകന്‍ അനൂപ് (25)നെയാണ് കാസര്‍കോട് സൈബര്‍ സെല്‍ സി.ഐ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയില്‍ നിന്ന് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവ കൂടുതല്‍ സാങ്കേതിക പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

പെണ്‍കുട്ടികളുടെയും യുവതികളുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നുമുള്ളതടക്കം 32-ലധികം ഫോട്ടോകള്‍ വിവിധ മാര്‍ഗങ്ങളില്‍ കൈക്കലാക്കി, അവ ഉപയോഗിച്ചാണ് വ്യാജ നഗ്‌നചിത്രങ്ങള്‍ സൃഷ്ടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഈ ചിത്രങ്ങള്‍ ടെലഗ്രാമിലൂടെയും മറ്റു സോഷ്യല്‍ മീഡിയ വഴികളും പ്രചരിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേര്‍ത്ത് നഗ്‌നചിത്രങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് അഞ്ചു പേരാണ് പൊലീസിന് ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്. സ്വന്തം ചിത്രങ്ങള്‍ വ്യാജ നഗ്‌നരൂപത്തില്‍ ടെലഗ്രാമില്‍ പ്രചരിക്കുന്നതായി കണ്ടതോടെയാണ് കൂടുതല്‍ പെണ്‍കുട്ടികളും യുവതികളും പരാതിയുമായി മുന്നോട്ട് വന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയാണ് ആദ്യം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. അന്നു പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്നതിനാല്‍ അന്നേദിവസം വിട്ടയച്ചിരുന്നു. പിന്നീട് മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കി മൊഴി നല്‍കിയതോടെയാണ് കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയതോടെയാണ് യുവാവിനെ പിടികൂടിയത്. സി.ഐ മുഹമ്മദ് ഖാനെ കൂടാതെ എസ്.ഐ രവി, എസ്.ഐ ഷിനു, എ.എസ്.ഐമാരായ ദിലീഷ്, രഞ്ജിത്, പ്രശാന്ത്, എസ്.സി.പി.ഒമാരായ സുധീഷ്, സവാദ്, നജ്‌ന, സിപിഒ വിപിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad