കാസര്‍കോട്: നുള്ളിപ്പാടി ദേശീയ പാതയ്ക്ക് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തലയ്ക്ക് അടിയേറ്റത് മൂലമാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സ്ഥിരീകരണം. കൊലപാതക സാധ്യത ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരുന്നു.
മാര്‍ച്ച് 10ന് രാത്രി പത്തേ കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. നുള്ളിപ്പാടി നാലപ്പാട് ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് സമീപമുള്ള അബ്ദുല്‍ റഹ്്മാന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ട് ഭാഗത്തെ ലിഫ്റ്റ് കുഴിയിലാണ് മൃതദേഹം കണ്ടത്. ഏകദേശം 25 മുതല്‍ 30 വയസ് വരെ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു ആധാര്‍ കാര്‍ഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഈ ആധാര്‍ കാര്‍ഡ് മരിച്ചയാളുടേതല്ലെന്നാണ് സൂചന. ഇതു കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. കെട്ടിട ഉടമയുടെ മകനായ തളങ്കര കുന്നില്‍ സ്വദേശി ഇസ്മായില്‍ ഷാസ്ലി കെ. ആറിന്റെ പരാതിയിലാണ് കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ കൊല്ലപ്പെട്ടത് കര്‍ണാടക ഹാസന്‍ സ്വദേശിയാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്‌ക്വാഡ് അംഗങ്ങള്‍ ഹാസനിലേക്ക് പോയതായാണ് വിവരം.

Post a Comment
0 Comments