കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നുപാപ്പു എന്ന രേഷ്മ (25)യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെ ആണ്‍സുഹൃത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സന്ദേശിനെ (29)യാണ് കൂഡ്ലു, മന്നിപ്പാടിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.30മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി ഒമ്പതിനു ഉച്ചയ്ക്കാണ് ആദൂര്‍ ആലന്തടുക്ക സ്വദേശിനിയായ രേഷ്മയെ കൂഡ്ലു, ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവത്തിനു പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി രേഷ്മയുടെ ആണ്‍ സുഹൃത്തായ സന്ദേശിനെ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രേഷ്മ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ കാര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. രേഷ്മയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതിനിടയിലാണ് സന്ദേശിന്റെയും മരണം. മാനസിക വിഷമമായിരിക്കാം സന്ദേശിനെ ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നു പറയുന്നു. നാരായണ നായിക്- സരോജ ദമ്പതികളുടെ മകനാണ്. ഏക സഹോദരി ഗൗതമി.

Post a Comment
0 Comments