കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളത്തൂരില്‍ വന്‍ കവര്‍ച്ച. ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന കളത്തൂര്‍, പഞ്ചിക്കല്ലിലെ യു.കെ യൂസുഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇരുനില വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറികളിലെ അലമാരകള്‍ കുത്തിത്തുറന്ന് ഒമ്പതു പവന്‍ സ്വര്‍ണവും ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ശനിയാഴ്ച രാത്രി ഏഴുമണിക്കും ഞായറാഴ്ച രാവിലെ ഏഴുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു.
യൂസുഫിന്റെ ഭാര്യ ഫാത്തിബിയും മൂന്നു മക്കളുമാണ് വീട്ടില്‍ താമസം. ശനിയാഴ്ച വൈകുന്നേരം ഫാത്തിബിയും രണ്ടു മക്കളും ഭര്‍തൃ സഹോദരന്റെ വീട്ടില്‍ പോയതായിരുന്നു. മറ്റൊരു മകളായ ഷിഫ രാത്രി ഏഴരമണിവരെ വീട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് വീടു പൂട്ടി അയല്‍പക്കത്തുള്ള മറ്റൊരു പിതൃസഹോദരന്റെ വീട്ടില്‍ പോയി. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ഷിഫ വീട്ടില്‍ എത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. അകത്തുകയറിയപ്പോള്‍ അലമാരകളെല്ലാം കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരി വലിച്ചിട്ട നിലയില്‍ കാണപ്പെട്ടു. വിവരം ഉടന്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കളും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments