ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഒരു സമുദായത്തിന്റെ വോട്ടുകള്‍ വ്യാപകമായി തള്ളാന്‍ നീക്കം നടത്തുന്നതായി എ.കെ.എം അഷ്റഫ് എം.ല്‍.എ, ഫോം ഏഴ് ദുരുപയോഗം ചെയ്ത് വ്യാജ പരാതി നല്‍കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.
1960ലെ രജിസ്‌ട്രേഷന്‍ ഓഫ് എലെക്ടര്‍സ് റൂളിലുള്ള വോട്ടര്‍ പട്ടികയില്‍ നിന്നും പേരു നീക്കം ചെയ്യാനുള്ള ഫോം-ഏഴ് ദുരുപയോഗം ചെയ്താണ് ബി.ജെ.പി നേതാക്കള്‍ വ്യാപകമായി വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പൈവളികെ പഞ്ചായത്തിലെ 128-ാം ബൂത്തായ എസ്.ആര്‍.എ.എല്‍.പി സ്‌കൂള്‍ ബൂത്തില്‍ 75ഉം 55 ഉം വയസുള്ളവരടക്കം കാലങ്ങളായി വോട്ടുചെയ്തു വരുന്ന നബീസ(75), മുഹമ്മദ് (55), മോഹ്‌സീന സുനൈഫ, അസ്മ, സഫിയ, സുബൈദ, കദീജത്ത് കുബ്ര തുടങ്ങി ഏഴോളം പേരെയാണ് ഇതേ ബൂത്തിലെ വോട്ടാറായ ബി.ജെ.പി ജില്ലാ സെക്രട്ടറി ലോകേഷിന്റെ നേതൃത്വത്തില്‍ വോട്ട് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയത്. ഇവര്‍ക്ക് ഞങ്ങള്‍ കാലങ്ങളായി വോട്ട് ചെയ്തുവരുന്ന ജീവിച്ചിരിപ്പുള്ള ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാന്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ട ഗതികേടാണ്. മഞ്ചേശ്വരത്തെ എല്ലാ ബൂത്തുകള്‍ കേന്ദ്രീകരിച്ചും ബി.ജെ.പി ഈ നീക്കം നടത്തിവരുന്നുണ്ടെന്നാണ് സംശയം.
മുന്‍തിരഞ്ഞെടുപ്പില്‍ 89 വോട്ടിന് ബി.ജെ.പി പരാജയപ്പെട്ടപ്പോള്‍ മരണപ്പെട്ടവരുടെ പേരില്‍ കള്ളവോട്ട് ചെയ്താണ് യു.ഡി.എഫ് ജയിച്ചതെന്നും യു.ഡി.എഫിന്റെ വിജയം അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഹൈക്കോടതിലെത്തിയിരുന്നു. അന്നും ഇതിനു സമാനമായി 'ഞങ്ങള്‍ മരിച്ചിട്ടില്ല' എന്നു തെളിയിക്കാന്‍ ഹൈക്കോടതിയിലടക്കം കയറിയിറങ്ങേണ്ട ദയനീയവസ്ഥയുടെ അനുഭവങ്ങള്‍ മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക് നേരെത്തെയുണ്ട്. നേരത്തെ ചില ബി.എല്‍.ഒമാര്‍ ഒരു വിഭാഗത്തിന്റെ വോട്ട് തള്ളിക്കാനും ആകാരണമായി അപേക്ഷകള്‍ നിരസിക്കുന്നതും പതിവാക്കിയപ്പോള്‍ ജില്ലാ കലക്ടര്‍ക്ക് യു.ഡി.എഫ് പരാതി നല്‍കിയിരുന്നു.
ആദ്യ ഘട്ടത്തില്‍ തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് മാതൃകയില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്ത് കര്‍ണാടകയില്‍ നിന്നടക്കം മറ്റു നാടുകളില്‍ നിന്നുള്ളവരെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി വോട്ട് ചേര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അത്ര കണ്ട് ഫലിക്കാതെ വന്നപ്പോഴാണ് ഇപ്പോള്‍ മറു തന്ത്രമായി ഫോം-7 ദുരുപയോഗം ചെയ്തും ചില ബില്‍എമാരടക്കമുള്ള ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിക്കുന്നത്. ബി.എല്‍.ഒ വേരിഫിക്കേഷന്‍ കഴിഞ്ഞ അപേക്ഷകള്‍ കലക്റ്ററേറ്റില്‍ നിന്ന് ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടിന്റെ പേരിലും ചില ഡോക്യുമെന്റിലെ ചെറിയ തെളിച്ചമില്ലായ്മയുടെ പേരിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷകള്‍ തള്ളുന്ന പ്രവണത വ്യാപകമാകുന്നതും സംശയത്തോടെയാണ് കാണുന്നത്. പ്രാവാസി വോട്ടുകള്‍ വ്യാപകമായി ചില ഉദ്യോഗസ്ഥ ലോബി തള്ളുന്നതായും ആരോപണമുണ്ട്. എം.എല്‍.എയോടൊപ്പം പരാതിക്കിരയായവരും മഞ്ചേശ്വരം നിയോജക യു.ഡി.എഫ് നേതാക്കളായ ടിഎ മൂസ, അസീസ് മരിക്കെ, മഞ്ജുനാഥ ആള്‍വ, ലക്ഷ്മണ പ്രഭു, എ.കെ ആരിഫ്, സൈഫുള്ള തങ്ങള്‍, അബ്ദുല്ല മാദേരി ഖാലിദ് ദുര്‍ഗ്ഗിപ്പള്ള, പി.എം സലീം എന്നിവരുമുണ്ടായിരുന്നു.

Post a Comment
0 Comments