നീലേശ്വരം: 41 ലക്ഷം രൂപ തട്ടിയെടുത്ത നിലേശ്വരം, ചെറുവത്തൂര്‍ സ്വദേശികളായ പ്രതികള്‍ നീലേശ്വരത്ത് പിടിയിലായി. കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കുറിച്ച് നീലേശ്വരം പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചു. പാലക്കാട്- കോയമ്പത്തൂര്‍ റോഡിലെ മധുരക്കര മരപ്പാലത്തിന് സമീപത്ത് നിന്ന് ബൈക്ക് യാത്രക്കാരനെ തട്ടി ക്കൊണ്ടുപോയി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേരാണ് അറസ്റ്റിലായത്.
ചെറുവത്തൂര്‍ മുണ്ടക്കണ്ടം, കിഴക്കേവീട്ടില്‍ നിതിന്‍ (33), നീലേശ്വരം ചാത്തമത്ത് മീത്തലെവീട്ടില്‍ ശ്രീകുമാര്‍ (31), നീലേശ്വരം പള്ളിക്കര കനകരവീട്ടില്‍ സുധീഷ് (39) എന്നിവരെയാണ് കോയമ്പത്തൂര്‍, കെ.ജി ചാവടി പൊലീസ് നീലേശ്വരം പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 20,000 രൂപയും കൃത്യത്തിന് ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് പട്ടാമ്പി നടുവട്ടത്തെ ലുക്മാന്‍ മുഹമ്മദാണ് 56 പിടിച്ചു പറിക്കിരയായത്.
പ്രതികള്‍ സ്വര്‍ണം വിറ്റ് ലഭിച്ച 41 ലക്ഷം രൂപയുമായി നാട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ലുക്മാന്‍ മുഹമ്മദ്. ബൈക്കിന് മുന്നില്‍ കാര്‍ റോഡിന് കുറുകെ നിര്‍ത്തിയിട്ട ശേഷം ബൈക്കില്‍നിന്ന് വലിച്ചിറക്കി തട്ടി ക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൊഴിഞ്ഞാമ്പാറ മേനോന്‍പാറക്ക് സമീപത്തെത്തിച്ച് മര്‍ദിച്ച് അവശനാക്കിയ ശേഷം പണവും മൊബൈല്‍ ഫോണും ബൈക്കുമായാണ് അക്രമിസംഘം കടന്നുകളഞ്ഞു. എട്ടുപേരാണ് ആക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തി. മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. അറസ്റ്റിലായ നീലേശ്വരം പള്ളിക്കര സ്വദേശി സുധീഷിനെതിരെ നേരത്തെ കൊലക്കേസ് ഉണ്ടായിരുന്നു. മറ്റൊരു അക്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് നീലേശ്വരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപാടുകളോ മറ്റു കേസുകളില്‍ പെട്ടവരാണോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

Post a Comment
0 Comments