മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല് ഉലമാ അതിന്റെ സ്ഥാപക കാലം മുതല് 1967 വരെ മുറുകെപ്പിടിച്ച ആദര്ശങ്ങളിലേക്കും നിലപാടുകളിലേക്കും മടങ്ങിപ്പോകാന് തയ്യാറായാല്, കേരള സംസ്ഥാന ജംഇയ്യത്തുല് ഉലമാ പിരിച്ചുവിട്ട് അതിലെ പണ്ഡിതന്മാരെല്ലാം സമസ്തയിലേക്ക് തിരിച്ചു പോകാന് സന്നദ്ധമാണെന്ന് ജനറല് സെക്രട്ടറി മൗലാനാ നജീബ് മൗലവി. ഇപ്പോള് നടക്കുന്ന ഐക്യാഹ്വാനം ആത്മാര്ത്ഥമല്ലെന്നാണ് ഇരു സമസ്ത നേതാക്കളുടെയും വാക്കുകളില് നിന്ന് മനസ്സിലാകുന്നത്.
മമ്പാട് മസ്ജിദുല് അഹിബ്ബയില് മാസാന്തം നടക്കുന്ന സമകാലികം പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1967-ല് സംസ്ഥാന ജംഇയ്യത്തുല് ഉലമാ രൂപീകരിക്കപ്പെടാന് ഇടയാക്കിയ സാഹചര്യങ്ങള് വസ്തുനിഷ്ഠമായി പരിശോധിക്കാന് സമസ്ത നേതൃത്വം തയ്യാറാകുകയും അന്ന് ഉയര്ന്നുവന്ന പ്രശ്നങ്ങള് പരിഹരിക്കപ്പെടുകയും ചെയ്താല് പ്രത്യേക സംഘടനയായി നിലകൊള്ളേണ്ട ആവശ്യം സംസ്ഥാന ജംഇയ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സയ്യിദ് ഹസന് ജിഫ്രി തങ്ങള്, യു.ജഅഫര്അലി മുഈനി, അമീന് ദാറാനി വയനാട്, ശബീര് വഹബി, എ. സുഫ് യാന് മൗലവി എന്നിവര് പ്രസംഗിച്ചു.

Post a Comment
0 Comments