കാഞ്ഞങ്ങാട്: കുരങ്ങിനെ കാണിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 11കാരനെ പീഡിപ്പിച്ച പ്രതിക്ക് മുപ്പതു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് പോക്‌സോ കോടതി. വലിയപറമ്പ് ഇടയിലക്കാട് മാടപ്പള്ളി വീട്ടില്‍ എം. ബിന്ദുമാര്‍ എന്ന നന്ദനെ (53)യാണ് 30 വര്‍ഷം കഠിന തടവിനും 35000 രൂപ പിഴയ്ക്കും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവിനും ശിക്ഷിച്ചത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 11വയസ് പ്രായമുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
2024 മാര്‍ച്ച് മൂന്നിന് ഉച്ചക്ക് 1.15 മണിക്ക് കുട്ടിക്ക് കുരങ്ങിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് ലൈംഗിക ഉദ്ദേശത്തോടെ പ്രതിയുടെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ കുട്ടിയെ ഗൗരവതരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാണ് കേസ്. സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഓഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി.എം സുരേഷാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ആയിരുന്ന ജി.പി മനുരാജ് ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

Post a Comment
0 Comments